'ഷാജഹാൻ ഇല്ലാത്ത നാട്ടിൽ നീയൊന്നും വേണ്ടടാ'; തെളിവെടുപ്പിനെത്തിയ പ്രതികൾക്ക് നേരെ ജനങ്ങളുടെ ആക്രോശം

പാലക്കാട്: സി.പി.എം. പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച പ്രതികൾക്ക് നേരെ ജനങ്ങളുടെ ശകാരവർഷം. ഷാജഹാന്‍റെ വീടിന് സമീപം പ്രതികളെ എത്തിച്ചപ്പോൾ സ്‌ത്രീകൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.

'നിന്നെ കൊല്ലുമെടാ, ഷാജഹാൻ ഇല്ലാത്ത നാട്ടിൽ നീയൊന്നും വേണ്ടടാ, നിനക്ക് എങ്ങനെ ചെയ്യാൻ തോന്നി' എന്നിങ്ങനെയായിരുന്നു പ്രദേശവാസികളുടെ ശകാരവർഷം. തെളിവെടുപ്പിനെത്തിച്ച പ്രതികൾ യാതൊരു ഭാവമാറ്റവുമില്ലാതെയാണ് പൊലീസിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. കൊലപാതകം നടത്തിയതും ശേഷം വാളുകൾ ഒളിപ്പിച്ചതും രക്ഷപ്പെട്ടതും പ്രതികൾ വിശദീകരിച്ചു.

പ്രതികളിൽ കൃത്യത്തിൽ നേരിട്ട്​ പ​ങ്കെടുത്ത അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ കുന്നംകാട് ​ജങ്​ഷ​​ഷനിലെത്തിച്ചാണ് പൊലീസ്​ തെളിവെടുത്തത്. ഷാജഹാനെ വെട്ടിവീഴ്​ത്തിയ സ്ഥലമടക്കം സംഘം പൊലീസിന്​ കാണിച്ചു കൊടുത്തു.

ആയുധം സൂക്ഷിച്ച സുജീഷിന്റെ വീട്‌, കൊലക്ക് ശേഷം ആയുധം ഒളിപ്പിച്ച കുനിപുള്ളി പാലം, പ്രതികൾ ഒളിവിൽ കഴിഞ്ഞ മലമ്പുഴയിലെ കവ എന്നിവിടങ്ങളിലും തെളിവെടുപ്പ്‌ നടത്തി. പ്രതികൾ കൃത്യത്തിന്​ ഉപയോഗിച്ച മൂന്ന്‌ വാളുകൾ മലമ്പുഴ കുനിപുള്ളി വിളയിൽപൊറ്റയിലെ ആ​ളൊഴിഞ്ഞ പറമ്പിൽ നിന്ന്​ പൊലീസ്​ കണ്ടെത്തി.

ഡി.വൈ.എസ്‌.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ്‌ സംഘത്തിന്റെ സുരക്ഷയിലാണ്‌ പ്രതികളെ തെളിവെടുപ്പിന്‌ എത്തിച്ചത്‌. തുടർ നടപടികൾ പൂർത്തിയാക്കി പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൊട്ടേക്കാട്​ കുന്നംകാട്​ സ്വദേശികളായ ശബരീഷ് (28), അനീഷ് (29), കൊട്ടേക്കാട്​ കാളിപ്പാറ നയന ഹൗസിൽ നവീൻ (38), കൊട്ടേക്കാട്​ കുന്നംകാട്​ സ്വദേശി സുജീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. ഷാജഹാന്‍ കൊലക്കേസില്‍ ഇതുവരെ എട്ടു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

2019 മുതല്‍ പ്രതികള്‍ക്ക് ഷാജഹാനുമായി തര്‍ക്കങ്ങളുണ്ട്. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായതോടെ തര്‍ക്കവും അകല്‍ച്ചയും കൂടി. പ്രതികൾ പിന്നീട് സി.പി.എമ്മുമായി അകന്നു. ഇത് ഷാജഹാൻ ചോദ്യം ചെയ്തു. ഇതിനിടെ​ പ്രതികൾ രാഖി ധരിക്കുന്നതിലടക്കം ഷാജഹാൻ വിയോജിപ്പ്​ പ്രകടിപ്പിച്ചിരുന്നു. കൊലപാതക ദിവസം ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതിലും തർക്കമുണ്ടായി. ഇതേത്തുടർന്ന്​ വീട്ടിലേക്ക്​ മടങ്ങിയ പ്രതികൾ തിരികെ വാളുകളുമായെത്തി ഷാജഹാനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.

Tags:    
News Summary - Shajahan Murder: People shouted at the accused who came to take evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.