ഷാജ് കിരണും സന്ദീപ് വാര്യരും കർണാടക മന്ത്രി വി. സുനിൽ കുമാറിനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ സുഹൃത്തായിരുന്ന ഷാജ് കിരൺ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരിനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്. കർണാടക ഊർജ മന്ത്രി വി. സുനിൽ കുമാറിന്‍റെ വസതിയിൽ നടന്ന കൂടികാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സന്ദീപ് വാര്യരെയും ഷാജ് കിരണിനെയും കൂടാതെ ഷാജ് കിരണിന്‍റെ സുഹൃത്ത് രജിത്തും കൂടികാഴ്ചയിൽ ഒപ്പമുണ്ട്. 2021 സെപ്തംബർ 24നാണ് കൂടികാഴ്ചയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ ഇ.ഡിക്ക് 164 പ്രകാരം നൽകിയ മൊഴി മാറ്റാനായി മുഖ്യമന്ത്രി‍ പിണറായി വിജയന്‍റെ ദൂതനായി ഷാജ് കിരൺ തന്നെ സമീപിച്ചെന്ന് സ്വപ്ന സുരേഷിന്‍റെ ആരോപിച്ചിരുന്നു. ഷാജ് കിരണിന് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും ബിലീവേഴ്സ് ചർച്ചിന്‍റെ ഇടനിലക്കാരനാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് ഷാജ് കിരൺ വാർത്തകളിൽ ഇടംപിടിച്ചത്.

അതേസമയം, സംഭവത്തിൽ പ്രതികരിച്ച സന്ദീപ് വാര്യർ, തന്‍റെ ചിത്രം മാത്രമെടുത്ത് വ്യാജ വാർത്ത ചമക്കുന്നത് തോന്നിവാസമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്:

ഷാജി കിരൺ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോൻ. മാതൃഭൂമിയിലെ പെയ്ഡ് ന്യൂസുകാരനെതിരെ നിയമനടപടി സ്വീകരിക്കും. കർണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനിൽ കുമാർജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങിൽ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോൾ കഴിഞ്ഞ വർഷം യാദൃശ്ചികമായി പോയതാണ്. രജിത്തിന്റെ കൂടെയാണ് ഷാജ്‌ കിരൺ എന്ന മാധ്യമ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത്. മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച് ഫോട്ടോയെടുത്തു.

ആ ഫോട്ടോയിൽ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ്‌ കിരൺ വന്നതിന് എനിക്കെന്ത് ചെയ്യാൻ പറ്റും? ഇനി മാതൃഭൂമിയുടെ പെയ്ഡ് ന്യൂസുകാരൻ എന്റെ പ്രതികരണം തേടി എന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഉണ്ടെങ്കിൽ തെളിവ് സഹിതം വാർത്ത പൊളിയുമായിരുന്നു. എന്റെ സുഹൃത്ത് രജിത്ത് നാല് മാസം മുമ്പ് തന്നെ ഷാജ്‌ കിരൺ തട്ടിപ്പുകാരനാണ് എന്ന് കാണിച്ച് എഡിജിപി വിജിലൻസിന് ഇ മെയിൽ വഴി പരാതി നൽകിയത് സ്ക്രീൻ ഷോട്ട് പുറത്തു വിടുന്നു. അന്ന് ആ പരാതിയിൽ പോലീസ് നടപടി എടുത്തിരുന്നെങ്കിൽ ഷാജ്‌ കിരൺ അന്നേ അകത്തായേനെ.

ഷാജ് കിരൺ എന്റെ സുഹൃത്താണെന്ന് ആ ഫോട്ടോ അടിക്കുറുപ്പുകളിൽ പോലും പറഞ്ഞിട്ടുമില്ല. കുറെ കാലമായി എനിക്കെതിരെ വാർത്ത ഉല്പാദിപ്പിക്കുന്ന ഈ ലേഖകൻ ബിജെപി പ്രവർത്തകർക്കിടയിൽ എന്നോടുള്ള സ്നേഹവും വിശ്വാസവും തകർക്കാനുള്ള ഭാഗമായാണ് ഈ വാർത്ത ചെയ്തതെന്നും അറിയാം. നിരവധി മുതിർന്ന രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം അയാളുടെ ഫോട്ടോകൾ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാർത്ത ചമക്കുന്നത് തോന്നിവാസമാണ്.

എന്തായാലും ദൈവം കാത്ത് തെളിവായി ഷാജ്‌ കിരണിനെതിരെ നൽകിയ ഇ മെയിൽ പരാതിയുണ്ട്. എന്റെ പ്രതികരണം പോലും ഉൾപ്പെടുത്താതെ വാർത്ത നൽകിയ മാതൃഭൂമി മര്യാദകേടാണ് കാണിച്ചത്. പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചു കൊണ്ട് മാത്രം വാർത്ത ചെയ്യുമ്പോൾ എന്റെ പ്രതികരണം വേണ്ടല്ലോ അല്ലേ?

Tags:    
News Summary - shaj kiran meet sandeep warrier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT