തിരുവനന്തപുരം: മറ്റൊരു വിവാഹത്തിന് നിർബന്ധിച്ച പിതാവിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി. കാമുകനോടൊപ്പമായിരുന്നു മൊണാലിസ തമ്പാനൂർ പൊലീസിൽ അഭയം തേടിയത്. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് പെൺകുട്ടി കാമുകനായ ഫർമാൻ ഖാനൊപ്പം കേരളത്തിൽ എത്തിയത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഫർമാൻ ഖാനുമായുള്ള വിവാഹം.
നിരവധിപ്പേർ വിവാഹ വിവരമറിഞ്ഞ് ക്ഷേത്രത്തിൽ എത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ റഹിം എം.പി എന്നിവരുൾപ്പെടെ വിവാഹത്തിൽ പങ്കെടുത്തു. രണ്ട് സ്വതന്ത്ര വ്യക്തികൾ എന്ന നിലയിൽ അവർ വിവാഹിതരാകുന്നു എന്ന് കരുതിയാൽ മതി എന്നാണ് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളാ സ്റ്റോറി സിനിമയിൽ മറ്റൊരു കേരളത്തെയാണ് അവർ ചിത്രീകരിച്ചത്, അതിനുള്ള മറുപടിയാകുമോ ഈ വിവാഹം എന്ന ചോദ്യത്തിന് ഇതാണ് യഥാർഥ കേരള സ്റ്റോറി എന്നായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും തമ്മിൽ ഒന്നരക്കൊല്ലമായി പ്രണയത്തിലാണ്. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തെരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.
അച്ഛനൊപ്പം പോകാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്നും മൊണാലിസ പൊലീസിനോട് വ്യക്തമാക്കി. മൊണാലിസയും ആണ്‍സുഹൃത്തും സിനിമ ചിത്രീകരണത്തിന്‍റെ ഭാഗമായിട്ടാണ് പൂവാറെത്തിയത്. ഷൂട്ടിങ് സ്ഥലത്ത് നിന്ന് സംവിധായകരും അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. മൊണാലിസയുടെ അച്ഛൻ നാട്ടിലേക്ക് തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.