കൊച്ചി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആറ് വിദ്യാർഥികളുടെ ജാമ്യ ഹരജി ഹൈകോടതി മെയ് 20ന് പരിഗണിക്കാൻ മാറ്റി. കേസ് അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം പരിഗണിച്ചത്. ഹയർസെക്കൻഡറി അഡ്മിഷന്റെ അവസാന തീയതി ഈ മാസം 20 ആയതിനാൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നറിയിച്ച് കോടതി ഹരജി മാറ്റുകയായിരുന്നു.
വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷഹബാസ് ഫെബ്രുവരി 28നാണ് മരിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നേരത്ത ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. പതിനഞ്ചുകാരനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ പ്രതികളുടെ പ്രവൃത്തി ഗൗരവമുള്ളതും ലഘുവായി കാണാനാകാത്തതുമാണെന്നാണ് അന്ന് ഹൈകോടതി വിലയിരുത്തിയത്.
വീണ്ടും നൽകിയ ഹരജിയാണ് ചൊവ്വാഴ്ച പരിഗണിച്ചത്. വെള്ളിമാട്കുന്ന് ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന പ്രതികൾ സുരക്ഷിതരാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികളുടെ എസ്.എസ്.എൽ.സി. ഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.