ഷഹാനയുടെ മരണം: ഭർത്താവ് സജാദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ ദുരൂഹമരണത്തെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് സജാദിനെ കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഷഹാന തൂങ്ങിമരിച്ചതാണെന്നായിരുന്നു സജാദ് പറഞ്ഞിരുന്നത്. എന്നാൽ, ജനലഴിയിൽ കണ്ട ചെറിയ കഷണം കയറിൽ തൂങ്ങിമരിച്ചെന്ന വാദം വിശ്വസിക്കാനാകുമോയെന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. തെളിവെടുപ്പിന് ശേഷം സജാദിനെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി.

സജാദിന്‍റെ മുറിയിൽ നിന്ന് ലഹരി വസ്തുക്കളും മറ്റും കണ്ടെടുത്തതായി വിവവരമുണ്ട്. ഫുഡ് ഡെലിവറി ബിസിനസിന്‍റെ മറവിൽ സജാദ് ലഹരിക്കച്ചവടം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് പൊലീസ് സജാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

അവൾക്ക് മരിക്കാൻ പേടിയാണ്; കൊന്നതാണ് –ഷഹാനയുടെ മാതാവ്

അവൾ മരിക്കില്ല, അവൾക്ക് പേടിയാണ്, വീട് വാങ്ങണം, കാർ വാങ്ങണം എന്നൊക്കെയാണ് അവൾ ഞങ്ങളോട് പറയാറുണ്ടായിരുന്നത്. എന്റെ മകളെ കൊന്നതാണ്. മകൾ ആത്മഹത്യ ചെയ്യില്ല, മകൾ പാവമാണ് - കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞും ആർത്തലച്ചുമുള്ള ഷഹാനയുടെ മാതാവിന്‍റെ അസ്വസ്ഥതകൾ കണ്ടു നിന്നവരിൽ ദുഃഖമുളവാക്കി.

മോഡലായ കാസർകോട് ചെറുവത്തൂർ സ്വദേശി ചമ്പ്രാംകാല ഷഹാനയെ (21) പറമ്പിൽ ബസാറിനടുത്ത് ഗൾഫ് ബസാറിൽ നമ്പ്യങ്ങാടത്ത് വാടക വീട്ടിലാണ് വ്യാഴാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടത്. കൊല്ലുമെന്ന് ഭർത്താവ് സജാദ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നതായി മാതാവ് ഉമൈബ പറഞ്ഞു.

വെള്ളിയാഴ്ചത്തെ പിറന്നാളിനെക്കുറിച്ച് പറഞ്ഞിരുന്നു. ഈ സമയത്തും മർദിച്ചിരുന്നുവത്രേ. ഒന്നരവർഷമായി വിവാഹം കഴിഞ്ഞിട്ടെങ്കിലും നാലു തവണ മാത്രമാണ് വീട്ടിലേക്ക് വന്നിട്ടുള്ളത്. ഷഹാനയെ വീട്ടിലേക്ക് വരാനും താമസിക്കാനും അനുവദിച്ചില്ലെന്നും മാതാവ് പറഞ്ഞു.

മർദനം അസഹ്യമാകുമ്പോൾ മകളെ കൂട്ടിക്കൊണ്ടു വരാൻ ശ്രമിച്ചിരുന്നെങ്കിലും ഇടക്കിടക്ക് വീട് മാറി താമസിക്കുന്നതിനാൽ കഴിഞ്ഞിരുന്നില്ല. പ്ലസ് ടു വരെ പഠിച്ചിരുന്ന മകൾക്ക് അഭിനയം ഏറെ ഇഷ്ടമായിരുന്നു. ഇടക്ക് ഡ്രൈവറായും മറ്റും ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് ഉപയോഗിക്കാറുള്ളതിനാൽ നിരന്തരം മർദിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ, മർദനത്തെ സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. 

Tags:    
News Summary - shahana death husband sajad arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.