1. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷഹാന 2. ഷഹാനയുടെ മുഖത്ത് മുറിവേറ്റ പാടുകൾ
തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്ത് യുവതി ജീവനൊടുക്കിയത് ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം. വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍വീട് ഷഹാന മന്‍സിലില്‍ ഷഹാന ഷാജി (23)യുടെ മരണത്തിലാണ് ഭർത്താവിന്‍റെ കുടുംബാംഗങ്ങൾക്കെതിരെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്.
ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നതായും ദേഹോപദ്രവം ഏല്‍പിച്ചിരുന്നതായും ഷഹാനയുടെ പിതൃസഹോദരി ഷൈന പറഞ്ഞു. ഒരിക്കല്‍ ഷഹാനയുടെ ഭര്‍ത്താവിന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ഈ സമയത്ത് ആശുപത്രിയിലെ ചില രേഖകളില്‍ ആര് ഒപ്പിടണമെന്ന് സംബന്ധിച്ച് ഷഹാനയും ഭര്‍തൃമാതാവും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഭര്‍തൃമാതാവ് ഷഹാനയെ മര്‍ദിച്ചെന്നും കടിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഷഹാനക്ക് മര്‍ദനമേറ്റതിന്‍റെ ചിത്രങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടു.
'നീ കുപ്പത്തൊട്ടിയില്‍ നിന്ന് വന്നതല്ലേ', 'നീ പാവപ്പെട്ട വീട്ടിലെയാണ്' എന്നിങ്ങനെ ഭര്‍തൃമാതാവ് ഷഹാനയോട് പറഞ്ഞിരുന്നത്. എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും എന്ത് വേണമെങ്കിലും തരാമെന്നും പറഞ്ഞിരുന്നു. മകനെ കൊണ്ട് വേറെ വിവാഹം കഴിപ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഷഹാനയെ ആര് ഉപദ്രവിച്ചാലും ഭര്‍ത്താവ് മിണ്ടാതിരിക്കുമെന്നും പിതൃസഹോദരി ഷൈന പറഞ്ഞു.
പെണ്‍കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാരാണ് ഷഹാനയുടെ വീട്ടിൽ ആലോചനയുമായി എത്തിയത്. അതേസമയം, 75 പവനും സ്ഥലവും വീട്ടുകാർ നല്‍കി. എന്നാല്‍, ഭര്‍തൃ സഹോദരന്‍റെ കല്യാണം കഴിഞ്ഞതോടെ ഷഹാനയോട് ഭര്‍തൃവീട്ടുകാര്‍ക്ക് അടുപ്പം കുറയുകയായിരുന്നുവെന്ന് ഷൈന പറയുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് ഷഹാനയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷം മുമ്പ് കോവിഡ് സമയത്താണ് കാട്ടാക്കട സ്വദേശിയുമായി ഷഹാനയുടെ വിവാഹം നടന്നത്. ഒന്നര വയസുള്ള കുഞ്ഞുള്ള ഷഹാന, ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു.
ചൊവ്വാഴ്ച സഹോദര പുത്രന്‍റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭര്‍ത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. നേരിട്ട് ക്ഷണിക്കാത്തതിനാല്‍ ഷഹാന ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ തയാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞിനെയും എടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ച ഷഹാനയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.