കോഴിക്കോട്: കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിൽ എസ്.എഫ്.ഐക്ക് രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിിൽ എം.പി. അധികാരവും ഭരണവും പാർട്ടിയും എസ്.എഫ്.ഐയെ ഗുണ്ടകളുടെ റിക്രൂട്ടിങ് ഏജൻസി ആയിട്ടാണ് വളർത്തുന്നതെന്ന് ഷാഫി പറമ്പൽ ഫേസ്ബുക്കിൽ കുറിച്ചു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ അർഥമില്ലാതെ ഉറക്കെ വിളിച്ചു പറയാൻ ചുരുട്ടിയ മുഷ്ടി കൊണ്ടാണ് വിദ്യാർഥിയെ കോമ്പസ് കൊണ്ട് കുത്തി നോവിച്ചതെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നൊക്കെ അർത്ഥമില്ലാതെ ഉറക്കെ വിളിച്ചു പറയാൻ ചുരുട്ടിയ ആ മുഷ്ടി തന്നെയാണ് ഒരു വിദ്യാർത്ഥി വേദന കൊണ്ട് പുളഞ്ഞു കരയുമ്പോഴും കോമ്പസ്സ് കൊണ്ട് ഒരോ ഇഞ്ചിലും അവനെ കുത്തി നോവിച്ചത്.
സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി കൊലയ്ക്ക് കൊടുത്ത SFI, റാഗിംഗും ഒരു സുപ്രധാന സംഘടനാ പ്രവർത്തനമാക്കി കേരളമാകെ വ്യാപിപ്പിക്കുന്ന ക്രൂരതക്ക് നേതൃത്വം നൽകുകയാണ്. അധികാരവും ഭരണവും പാർട്ടിയും SFIയെ ഗുണ്ടകളുടെ റിക്രൂട്ടിംഗ് ഏജൻസി ആയിട്ടാണ് വളർത്തുന്നത്. അവർ നേതാക്കന്മാരെയല്ല, ഗുണ്ടകളെ സൃഷ്ടിക്കാനാണഗ്രഹിക്കുന്നത്. ഉണ്ടാവുന്നതും അത് തന്നെയാണ്.
കോട്ടയം ഗവ. മെഡിക്കൽ കോളജിലെ നഴ്സിങ് കോളജ് ഹോസ്റ്റലിൽ ആറ് ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാഗിങ് ചെയ്ത കേസിൽ എസ്.എഫ്.ഐയുടെ നഴ്സിങ് സംഘടനയായ കെ.ജി.എസ്.എൻ.എയുടെ സംസ്ഥാന ഭാരവാഹി അടക്കം അഞ്ച് സീനിയർ വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ രാഹുൽ രാജ് കെ.ജി.എസ്.എൻ.എയുടെ സ്റ്റേറ്റ് സെക്രട്ടറിയും എസ്.എഫ്.ഐ വണ്ടൂർ ലോക്കൽ കമ്മറ്റി ഭാരവാഹിയുമാണ്.
മൂന്നാം വർഷ വിദ്യാർഥികളായ മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ വീട്ടിൽ രാഹുൽ രാജ് (22), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ റിജിൽജിത്ത് (20), മൂന്നിലവ് വാളകം കരപ്പള്ളി ഭാഗത്ത് കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ (20), വയനാട് നടവയൽ പുൽപള്ളി ഞാവലത്ത് വീട്ടിൽ ജീവ (19), കോരുത്തോട് മടുക്ക നെടുങ്ങാട് വീട്ടിൽ വിവേക് (21) എന്നിവരാണ് കേസിലെ പ്രതികൾ.
ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കി അതിൽ സ്പിരിറ്റ് പുരട്ടി വേദനയിൽ പുളയുന്നത് നോക്കി രസിക്കുന്ന ക്രൂര വിനോദമായിരുന്നു പല ദിവസങ്ങളിലും അരങ്ങേറിയിരുന്നത്. വായിലും ശരീരഭാഗങ്ങളിലും ക്രീം തേച്ചുപിടിപ്പിക്കൽ, നഗ്നരാക്കി നിർത്തൽ, സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ (വ്യായാമ ഉപകരണം) തൂക്കൽ, കഴുത്തിൽ കത്തിെവച്ച് ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ, മദ്യപിക്കാൻ ഭീഷണിപ്പെടുത്തി പണം വാങ്ങൽ തുടങ്ങിയ പീഡനങ്ങളും പതിവായിരുന്നെന്ന് വിദ്യാർഥികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ നവംബർ മുതലാണ് റാഗിങ്ങിന്റെ മറവിൽ ക്രൂരപീഡനം തുടങ്ങിയത്. പരാതിപ്പെടുകയോ പുറത്തു പറയുകയോ ചെയ്താൽ ഗുരുതര ഭവിഷ്യത്തുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ലിബിൻ, അജിത്, ദിലീപ്, ആദർശ്, അരുൺ, അമൽ എന്നിവരാണ് കഴിഞ്ഞ മൂന്നുമാസമായി നിരന്തര റാഗിങ്ങിന് ഇരയായത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.