പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പാർട്ടി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എം.പി. പാർട്ടി നടപടി സ്വീകരിച്ചതാണ്. ഇതിൽ കൂടുതൽ പാർട്ടി ചെയ്യേണ്ടതില്ല. കൂടുതൽ പ്രതികരണങ്ങൾ ആവശ്യമെങ്കിൽ പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എമ്മിന്റെ ജില്ല സെക്രട്ടേറിയറ്റ് അംഗമായ പത്മകുമാറിനെയാണ് ശബരിമലയിൽ സ്വർണകൊള്ളയിൽ അറസ്റ്റ് ചെയ്തത്. ഇത്തരം വലിയ അഴിമതി നടത്തിയിട്ട് പാർട്ടി ഇവർക്കെതിരെ എന്ത് നടപടിയാണ് ഇതുവരെ എടുത്തതെന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
പാലത്തായി കേസിൽ കെ.കെ.ശൈലജക്കെതിരെ കോടതിയുടെ ഉത്തരവിലാണ് വിമർശനം ഉണ്ടായിരിക്കുന്നത്. കുട്ടിയും രക്ഷിതാക്കളും നൽകിയ പരാതി അധികാരം കൈയിരിക്കുമ്പോൾ പോലും അവഗണിക്കപ്പെട്ടുവെന്ന സ്ഥിതി ഗൗരവതരമാണെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഗര്‍ഭധാരണത്തിന് നിര്‍ബന്ധിച്ചത് രാഹുലാണെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഒപ്പം കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റും പുറത്തുവന്നു.
‘അവസാന നിമിഷം എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ മാറുന്നത്’ എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ചോദിക്കുന്നതും ‘ഡ്രാമ അവസാനിപ്പിച്ച് ആശുപത്രിയില്‍ പോകണമെന്ന്’ രാഹുൽ മറുപടി പറയുന്നതും പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്. എല്ലാം നിന്റെ പ്ലാൻ അല്ലേയെന്ന് പെൺകുട്ടി രാഹുലിനോട് ചോദിക്കുന്നു. ‘നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല’ എന്നാണ് രാഹുലിന്‍റെ മറുപടി. ഒന്നാം മാസം എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാമെന്ന രാഹുലിന്‍റെ പരാമർശത്തിന് ‘നിങ്ങൾ കുറേപേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ’ എന്ന് പെൺകുട്ടി മറുപടി നൽകുന്നു.
ഇതിനിടെ ലൈംഗികാതിക്രമത്തിൽ രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയേക്കുമെന്ന സൂചനയുണ്ട്. തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. മുമ്പ് സമാന ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലക്കാട് നിയമസഭ മണ്ഡലത്തിലും പാർട്ടി പരിപാടികളിലും രാഹുൽ സജീവമാകുന്നതിനിടെയാണ് പുതിയ ശബ്ദസന്ദേശം. നേരത്തേ പുറത്തുവന്ന ശബ്ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരുന്നു. ഇ-മെയില്‍ വഴി പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അതേസമയം ഇത്തരത്തിൽ പരാതി അയച്ചവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. ഗര്‍ഭഛിദ്രം നടത്തേണ്ടിവന്ന യുവതി പരാതി നല്‍കാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.