കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പിൽ എം.പി നിവേദനം നൽകുന്നു
ന്യൂഡൽഹി: ഉത്തര മലബാറിലെ ട്രെയിനുകളിൽ വൈകീട്ട് അനുഭവപ്പെടുന്ന തിരക്കിനും റെയിൽവേ കണക്റ്റിവിറ്റിയിലെ പോരായ്മകൾക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പിൽ എം.പി നിവേദനം നൽകി. മംഗലാപുരം ഭാഗത്തേക്ക് രാത്രി ഏഴരയോടെ കോഴിക്കോട് എത്തുന്ന രീതിയിൽ പുതുതായി മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യർഥിച്ചു.
കോഴിക്കോടിനും കണ്ണൂരിനുമിടയിൽ പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ യാത്രാസൗകര്യം തികച്ചും പരിമിതമാണ്. വൈകുന്നേരം 05:10ന് നേത്രാവതി എക്സ്പ്രസും (റിസർവേഷൻ സൗകര്യം ഉള്ളത്) 6:15-നുള്ള കണ്ണൂർ എക്സ്പ്രസ്സും (റിസർവേഷൻ സൗകര്യം ഇല്ലാത്തത്) പോയിക്കഴിഞ്ഞാൽ, പിന്നീട് രാത്രി 10:25-നുള്ള കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിൻ വരുന്നത് വരെ ഏകദേശം 4-5 മണിക്കൂറോളം മംഗലാപുരം ഭാഗത്തേക്ക് ട്രെയിനുകളില്ലാത്ത അവസ്ഥയാണ്.
കോഴിക്കോട് നിന്ന് മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ സമയക്രമത്തിലെ വലിയ ഇടവേള കാരണം കൊയിലാണ്ടി, വടകര, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്ന പ്രതിദിന യാത്രക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ, രോഗികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. നിലവിലുള്ള ട്രെയിനുകളിലെ, പ്രത്യേകിച്ച് പരശുറാം എക്സ്പ്രസ്സിലെ അസഹനീയമായ തിരക്ക് ഇതിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
ഇതിന് പരിഹാരമായി, നിലവിൽ ഈ റൂട്ടിൽ ഓടുന്ന ഇന്റർസിറ്റി എക്സ്പ്രസിന് പുറമെ പുതുതായി മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യർഥിച്ചു. രാവിലെ മംഗലാപുരത്ത് നിന്ന് പുറപ്പെട്ട്, ഉച്ചയോടെ കോയമ്പത്തൂരിലെത്തുകയും, മടക്കയാത്രയിൽ ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 7:30-8 മണിയോടെ കോഴിക്കോട്ടെത്തി മംഗലാപുരത്തേക്ക് യാത്ര തുടരുകയും ചെയ്യുന്ന രീതിയിലാണ് ഈ ട്രെയിനിന്റെ സമയക്രമം നിർദ്ദേശിച്ചിട്ടുള്ളത്. ഇത് യാഥാർത്ഥ്യമായാൽ വൈകുന്നേരങ്ങളിലെ 4 മണിക്കൂർ യാത്രാ തടസ്സത്തിനും മറ്റു ട്രെയിനുകളിലെ തിരക്കിനും വലിയൊരു പരിഹാരമാകും.
മുൻപും ഈ ആവശ്യം മന്ത്രിയുടെ മുന്നിൽ ഉന്നയിച്ചിരുന്നതായി എം.പി പറഞ്ഞു. ദക്ഷിണ മേഖലാ ജനറൽ മാനേജരുടെ അധ്യക്ഷതയിൽ പാലക്കാട് കഴിഞ്ഞ വർഷം നടന്ന എം.പിമാരുടെ യോഗത്തിലും ഈ വിഷയം സജീവമായി ഉന്നയിച്ചിരുന്നു. ഷൊർണൂർ ജംഗ്ഷനിൽ നടക്കുന്ന ചില നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ ഇന്റർസിറ്റിയുടെ കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പ് നൽകിയതാണ്.
ഇതോടൊപ്പം വടകര പാർലമെന്റ് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളായ കൊയിലാണ്ടി, വടകര, തലശ്ശേരി, മാഹി എന്നീ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ദീർഘദൂര എക്സ്പ്രസ് / മെയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഈ സ്റ്റേഷനുകളിൽ നിന്ന് റെയിൽവേക്ക് ലഭിക്കുന്ന വരുമാനം പരിഗണിച്ചാൽ തന്നെ ഈ സ്റ്റോപ്പുകൾ എത്രയോ മുൻപേ അനുവദിക്കേണ്ടതായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്കും പഠനത്തിനും മറ്റു ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെ ഈ ദീർഘകാല ആവശ്യം യാഥാർഥ്യമാക്കുവാൻ റെയിൽവേ ബോർഡിനും ദക്ഷിണ റെയിൽവേ അധികൃതർക്കും അടിയന്തര നിർദ്ദേശം നൽകണമെന്നും മന്ത്രിയോട് ഷാഫി പറമ്പിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.