യുവതി പരാതി നൽകിയത് ഡിജിറ്റൽ തെളിവുകളോടെ; ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത

പാലക്കാട്: സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് പാർട്ടി ഒരുങ്ങുന്നു. സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ നേതൃത്വം പരിഗണിക്കുന്നുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. ഒരു യുവതി ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി നേതൃത്വം വിലയിരുത്തുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. മലപ്പുറത്തേക്ക് നേരിട്ട് വിളിപ്പിച്ചാണ് സുരേഷ് ബാബുവിനെ പരാതി വായിച്ചു കേൾപ്പിച്ചത്. തുടർന്ന് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ലൈംഗിക പരാതിയുടെ പേരിൽ മാറ്റിയെന്ന വിവരം പുറത്തുവരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടതായാണ് വിവരം.

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തൽ നടപടികളുടെ ഭാഗമായി ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് പാർട്ടിയിൽ അസാധാരണമായ നടപടിയാണ്. ഇന്നലെയാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ നീക്കിയത്. തുടർന്ന് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എം.എൽ.എ വി. ചെന്താമരാക്ഷനെ നിയമിക്കുകയുണ്ടായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

Tags:    
News Summary - EN Suresh Babu Likely to Face Expulsion from CPM Primary Membership Following Digital Evidence in Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.