കോഴിക്കോട്: പേരാമ്പ്രയിൽ യു.ഡി.എഫ് - എൽ.ഡി.എഫ് സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഷാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് പ്രവീൺ കുമാർ എന്നിവർക്കടക്കം 30ലേറെ യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ലാത്തിച്ചാർജിൽ പരിക്കേറ്റ പ്രവർത്തകരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പരിസരത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ചിലരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ ഡി.വൈ.എസ്.പി ഹരിപ്രാസദ് അടക്കം പൊലീസുകാർക്കും പരിക്കുണ്ട്.
ഇന്നലെ നടന്ന കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. എസ്.എഫ്.ഐയുടെ കുത്തകയായ പേരാമ്പ്ര സി.കെ.ജി.എം കോളജിൽ ചെയർപേഴ്സൺ സ്ഥാനം കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന് ലഭിച്ചു. റീകൗണ്ടിങ്ങിലും യു.ഡി.എസ്.എഫിനായിരുന്നു ജയം. ഇതിനുപിന്നാലെ എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രകടനം പേരാമ്പ്ര നഗരത്തിൽ നടന്നു. ഇതിനിടെ കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന്‍റെ പ്രകടനവും വന്നു. ഇരുകൂട്ടരും ഏറ്റുമുട്ടുകയും സംഘർഷമുണ്ടാകുകയും ചെയ്തു. തുടർന്ന് പൊലീസെത്തി ലാത്തിവീശുകയും നിരവധി പ്രവർത്തകർക്ക് ഇന്നലെയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും, ഹർത്താലിന് ശേഷം പ്രതിഷേധപ്രകടനം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.
ഇന്ന് ഹർത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം നേതാവുമായ പ്രമോദിനെതിരെ യു.ഡി.എഫ് കൈയേറ്റ ശ്രമം നടത്തിയെന്ന് പരാതിയുയർന്നു. ഇതിൽ പ്രതിഷേധിച്ച് വൈകുന്നേരം സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു. തുടർന്ന് വൈകുന്നേരം ഹർത്താലിനുശേഷം ഇരു വിഭാഗങ്ങളും പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും നേർക്കുനേർ എത്തിയതോടെ പൊലീസ് തടയുകയുമായിരുന്നു. മാർച്ച് തടഞ്ഞ പൊലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ലെന്ന് പൊലീസുകാർക്ക് ഓർമ വേണമെന്ന് ലാത്തിച്ചാർജുണ്ടായ സ്ഥലത്ത് വെച്ച് ഷാഫി പറമ്പിൽ പറഞ്ഞു. ‘ഇതിലും വലിയ പരാജയം നിങ്ങൾക്ക് പേരാമ്പ്രയിൽ ഉണ്ടാകും. എന്തിനെക്കൊണ്ട് വാർത്ത മറച്ചാലും ഈ സ്വർണം കട്ടവരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കുക തന്നെ ചെയ്യും. പൊലീസിനോട്, ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല, ആ ഓർമ വേണം. ഇപ്പോ ചെയ്ത പണിക്കുള്ള മറുപടി അത് ഞങ്ങൾ നൽകുന്നതായിരിക്കും’ -ഷാഫി പറഞ്ഞു.
ഈ ചോരകൊണ്ട് അയ്യപ്പന്‍റെ സ്വർണം കട്ടതിനെ മറച്ചുപിടിക്കാമെന്ന് സി.പി.എമ്മും പൊലീസും സർക്കാറും വ്യാമോഹിക്കേണ്ടെന്ന് ആശുപത്രിയിൽവെച്ച് ഷാഫി പറമ്പിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.