‘ആദ്യം എന്റെ തലയ്ക്കടിച്ചു, അതേ പൊലീസുകാരൻ തന്നെ മൂക്കിനും അടിച്ചു, മൂന്നാം തവണയും അയാൾ എന്റെ നേരെ ലാത്തി വീശി’ -ദൃശ്യങ്ങൾ സഹിതം വിശദീകരിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: പേരാമ്പ്രയിൽ തനിക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തെ കുറിച്ച് മാധ്യമപ്രവർത്തകർക്ക് മുന്നിൽ ദൃശ്യങ്ങൾ സഹിതം വിശദീകരിച്ച് വടകര എം.പി ഷാഫി പറമ്പിൽ. എസ്.പി പറഞ്ഞത് പോലെ പിറകിൽ നിന്നല്ല, മുന്നിൽ നിന്ന് തന്നെയാണ് തന്റെ തലക്കടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഈ വിഷ്വൽ നിങ്ങൾ നോക്കുക: ആദ്യം എന്റെ തലയിൽ അടിക്കുന്നു. അതേ പോലീസ് ഉദ്യോഗസ്ഥൻ തന്നെ എന്റെ മൂക്കിലും അടിക്കുന്നു. ഞാൻ ഇങ്ങോട്ട് മാറുമ്പോൾ അതേ പോലീസ് ഉദ്യോഗസ്ഥൻ മൂന്നാമത്തെ തവണയും എന്നെ നോക്കി ലാത്തി വീശാൻ ശ്രമിക്കുന്നു. ഒരേ പോലീസ് ഉദ്യോഗസ്ഥൻ തന്നെ ആദ്യം തലക്കടിക്കുന്നു. തൊട്ടടുത്ത സെക്കൻഡിൽ എന്റെ മുഖത്തേക്ക് അടിക്കുന്നു, അത് എന്റെ മൂക്കിൽ കൊള്ളുന്നു. മൂന്നാമതും എന്നെ ഉന്നം വെച്ച് അടിക്കാൻ നോക്കി. അത് അവിടെയുള്ള ഒരു പോലീസുകാരൻ തടഞ്ഞു’  -ഷാഫി പറഞ്ഞു.

ഇതൊക്കെ അറിയാതെ പറ്റിപ്പോയതാണ്, സംഘർഷത്തിന് ഇടക്ക് ഉണ്ടായതാണ് എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ? ഈ സീനിൽ ഇത് നടക്കുമ്പോൾ എവിടെയാണ് ടിയർ ഗ്യാസ് പൊട്ടിയിട്ടുള്ളത്? എവിടെയാണ് ഗ്രനേഡ് പൊട്ടിയിട്ടുള്ളത്? എവിടെയാണ് സ്ഫോടനം നടന്നിട്ടുള്ളത്?. ഈ അടിക്കുന്ന ആളുടെ ഡയറക്ഷൻ എന്നെ ലക്ഷ്യമിട്ടാണ്.

ഡിവൈഎസ്പി ഹരിപ്രസാദിന്റെ കയ്യിൽ ഗ്രനേഡ് അല്ലെങ്കിൽ ടിയർ ഗ്യാസ് ഉണ്ടായിരുന്നു. അതേ സമയം തന്നെ ലാത്തി വെച്ചുകൊണ്ട് അടിക്കാൻ ശ്രമിക്കുന്നതിന്റെ വിഷ്വലും കാണാം. ഒരു കൈയ്യിൽ ഗ്രനേഡും ഒരു കൈയ്യിൽ ലാത്തിയുമായിരുന്നു. ഗ്രനേഡ് കൈയ്യിൽ വെച്ചിട്ട് ലാത്തി വെച്ച് ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് ആളുകളെ തല്ലാൻ നോക്കുകയാണ്. പൊലീസിന്റെ കൈവശം ഗ്രനേഡ് ഉണ്ടാവാം, പക്ഷേ അതിൽ എക്സ്ക്ലൂസീവായി പരിശീലനം നേടിയ ആളുകളാണ് (ഗ്രനേഡ് പാർട്ടി) അത് കൈകാര്യം ചെയ്യേണ്ടത്. ഗ്രനേഡ് പാർട്ടിയിൽ പെട്ട ചില ആളുകൾ ഉണ്ടെന്ന് എഫ്ഐആറിൽ വരെ പറയുന്നുണ്ട്. എങ്കിൽ പിന്നെ ഡിവൈഎസ്പി എന്തിനാണത് കൈയ്യിൽ കൊണ്ടുനടക്കുന്നത്?.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കൈവശം വെച്ചതായിരുന്നു ഗ്രനേഡ് എന്നും, ബലപ്രയോഗത്തിനിടയിൽ പിൻ ലൂസായി താഴെ വീണ് പൊട്ടിയതിൽ ഹരിപ്രസാദിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു എന്നും എഫ്.ഐ.ആറിൽ എഴുതിയിരിക്കുകയാണ്. അപ്പോൾ ഗ്രനേഡ് പാർട്ടിയുടെ കയ്യിലല്ല, ഹരിപ്രസാദിന്റെ കൈയ്യിലാണ് ഈ സാധനം ഉണ്ടായിരുന്നത്. ജനക്കൂട്ടവുമായുള്ള തിക്കിലും തിരക്കിലുമല്ല, ലാത്തി കൊണ്ട് മർദ്ദിക്കാൻ ശ്രമിച്ചപ്പോഴാണ് താഴെ വീണത്.

പൊലീസിന് വീഴ്ചയില്ലെങ്കിൽ പോലീസ് 16-ാം തീയതി ഇറക്കിയ സർക്കുലർ എന്തിനാണ്?. വടകരയിലെ ഡിഎച്ച്ക്യുവിൽ രാവിലെ ഏഴു മണി മുതൽ ഗ്രനേഡ് എറിയാൻ എറിയൽ പരിശീലനത്തിന് സബ് ഡിവിഷനുകളിൽ നിന്ന് പൊലീസുകാർ എത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിക്കുന്നതായിരുന്നു ആ സർക്കുലർ. മര്യാദക്ക് ഗ്രനേഡ് എറിയാൻ ഇവന്മാർക്ക് കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കിയിട്ടാണ് ഇത് പരിശീലിപ്പിക്കാൻ ഇപ്പോൾ പൊലീസ് സർക്കുലർ ഇറക്കുന്നത്. ഞങ്ങൾ ബോംബ് എറിഞ്ഞിട്ടാണ് ആർക്കെങ്കിലും പരിക്കേറ്റതെങ്കിൽ ഇങ്ങനെ ഒരു സർക്കുലർ കേരളത്തിലെ പൊലീസ് ഇറക്കേണ്ട കാര്യമുണ്ടോ?.

ഒരു ഗ്രനേഡ് എറിയുന്നതിനു മുമ്പുള്ള വാണിങ് എന്തൊക്കെയാണെന്നും ടിയർ ഗ്യാസ് എറിയുന്നതിനു മുമ്പുള്ള വാണിങ് എന്തൊക്കെയാണെന്നും എനിക്കറിയാം. ടിയർ ഗ്യാസ് എറിയുന്നത് സമരക്കാരുടെയും പൊലീസിന്റെയും ഇടയിലുള്ള ഗ്യാപ്പിലേക്കാണ്. അതിനു പകരം, പരിക്കേൽപ്പിക്കാൻ ബോധപൂർവ്വം ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് തലയിലേക്കും മുഖത്തേക്കും എറിയുന്ന ക്രൂരത പിണറായി വിജയന്റെ പൊലീസ് കാണിക്കുന്നതിനെ ചോദ്യം ചെയ്യാതിരിക്കാൻ പറ്റുമോ?’ -ഷാഫി ചോദിച്ചു.

‘എന്തായി എംപി അഡ്മിറ്റ് ആയോ എന്നാണ് പൊലീസുകാരൻ ചോദിച്ചത്’

തന്നെ മർദിച്ച് പരിക്കേൽപിച്ച് അഡ്മിറ്റ് ആക്കണം എന്ന് പൊലീസ് നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരുന്നോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. ‘‘ഗ്രനേഡ് ​കൈയിൽനിന്ന് വീണ് പൊട്ടി പരിക്കേറ്റ ഡിവൈഎസ്പി ഹരിപ്രസാദ് ആശുപത്രിയിൽ വന്നപ്പോൾ ഉടനെ ചോദിച്ചത് എന്തായി എംപി അഡ്മിറ്റ് ആയോ? എന്നാണ്. അപ്പോൾ ഇത് എത്ര പ്ലാൻഡായിരുന്നു എന്ന് ആലോചിച്ചു നോക്കുക. അവിടെ പോലീസ് സംഘർഷം ഇല്ലാതാക്കാനല്ല ശ്രമിച്ചത്. പ്രകടനത്തിന് പെർമിഷൻ ഉണ്ടെങ്കിലും അപ്പുറത്തേക്ക് പോയാൽ അവിടെ സിപിഎംകാർ തടിച്ചുകൂടി നിൽക്കുന്നുണ്ട്, അവർ എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ല എന്നാണ് എന്നോട് ഡിവൈഎസ്പി പറഞ്ഞത്. അതുകൊണ്ട് ഈ പ്രകടനം നിർത്തി പോകണമെന്നും ആവശ്യപ്പെട്ടു. അവരുടെ കൈയ്യിൽ ആയുധമുണ്ട്, ബിൽഡിങ്ങിന്റെ മേലെ നിന്നൊക്കെ എന്താ അവർ ചെയ്യുക എന്ന് പറയാൻ പറ്റില്ല എന്ന് ഡിവൈഎസ്പി റാങ്കിൽ ഒരു ഉദ്യോഗസ്ഥൻ എന്നോട് നേരിട്ട് പറഞ്ഞു’ -ഷാഫി പറഞ്ഞു.

‘ഭക്തൻ നോക്കുമ്പോൾ കാണുന്നത് പൊന്നയ്യപ്പനെ, സർക്കാറും ദേവസ്വം ബോർഡും കാണുന്നത് പൊന്നു മാത്രം’

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളെ വാർത്തകളിൽ നിന്നും ചർച്ചകളിൽ നിന്നും മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെ പ്രീ പ്ലാൻഡായിട്ടുള്ള, സംഘടിത പോലീസ് അറ്റാക്കാണ് ഞങ്ങൾക്കെതിരെ നടന്നത് എന്ന് ഉറച്ചു വിശ്വസിക്കാൻ നിരവധി കാരണങ്ങളുണ്ട്. ഗവൺമെന്റിന് നിൽക്കക്കള്ളിയില്ലാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത കൊള്ളക്കാണ് ദേവസ്വം ബോർഡുകളുടെ അറിവോടെ, ദേവസ്വം അംഗങ്ങളുടെയും പ്രസിഡന്റുമാരുടെയും അനുമതിയോടെ അവിടുത്തെ ഉദ്യോഗസ്ഥരും കുറെ തട്ടിപ്പുകാരും ചേർന്ന് നടത്തിയത്. ഇപ്പോൾ ദേവസ്വം ബോർഡിന് ഗൂഢാലോചനയിലുള്ള പങ്കാളിത്തം വരെ അന്വേഷിക്കണം എന്ന തരത്തിലുള്ള പ്രതികരണം കോടതിയുടെ ഭാഗത്ത് ഉണ്ടായിരിക്കുകയാണ്. ദേവസ്വം ബോർഡിനെ മാറ്റി നിർത്താൻ ഗവൺമെന്റ് മടിക്കുന്നുണ്ടെങ്കിൽ, അതിന്റെ കാരണം മുൻ മന്ത്രിമാർ, ഇപ്പോഴത്തെ മന്ത്രി ഉൾപ്പെടെയുള്ള ആളുകൾക്ക് പലതും മറച്ചു വെക്കാനുള്ളതുകൊണ്ടാണ്. കോടതി അത്ര സ്ട്രോങ്ങ് ആയിട്ടുള്ള നിരീക്ഷണം നടത്തിയിട്ടും രാജി ആവശ്യപ്പെടാൻ സർക്കാർ മടിക്കുന്നു.

കട്ടവന്മാർ ദേവസ്വം ബോർഡിലുണ്ട്, കട്ടവന്മാർ സർക്കാരിലും ഉണ്ട്. കൊള്ളയിൽ പങ്കുപറ്റിയവരുടെ സർക്കാരാണ് ഉള്ളത് എന്നതുകൊണ്ടാണ് ഇപ്പോഴും ദേവസ്വം ബോർഡ് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തുടരുന്നത്. ഒരു അയ്യപ്പഭക്തൻ ശ്രീകോവിലിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ പൊന്നയ്യപ്പനെ ആണ് കാണുന്നതെങ്കിൽ, ഈ ഗവൺമെന്റും അതിന്റെ പ്രതിനിധികളും ദേവസ്വം ബോർഡും കാണുന്നത് അതിന്റെ പൊന്നു മാത്രമാണ്.

തിരുവാഭരണ കമ്മീഷണർ റിപ്പോർട്ട് ചെയ്തിട്ടും, സാങ്കേതികമായി ക്വാളിഫൈഡ് അല്ലാത്ത ഏജൻസിക്ക് തന്നെ ഇത് കൊടുക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ആളുകൾ ഉത്തരവിടുന്നത്, കഴിഞ്ഞ കാലങ്ങളിലെ തട്ടിപ്പുകൾ മറച്ചുവെക്കാനുള്ള അവസാന ശ്രമമായിരുന്നു. കോടതിയുടെ ഇടപെടലോടെ അതുംകൂടിയാണ് പൊളിഞ്ഞിരിക്കുന്നത്.

ഇത് കേരളത്തിലെ വിശ്വാസിയും അവിശ്വാസിയും ക്ഷമിക്കില്ല എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിനെ മറച്ചുവെക്കാൻ വേണ്ടിയാണ് ഓരോ സംഭവവും ഉണ്ടാക്കുന്നത്. ഇതിനെ മറച്ചുവെക്കാൻ വേണ്ടിയാണ് പേരാമ്പ്രയിൽ ഉൾപ്പെടെ ഒരു പ്രകോപനവും ഇല്ലാത്ത സ്ഥലങ്ങളിൽ പൊലീസ് വലിയ അതിക്രമത്തിന് നേതൃത്വം നൽകുന്നത്. ഞാനും ഡിസിസി പ്രസിഡന്റും പേരാമ്പ്രയിൽ പോയത് എന്തോ സംഘർഷം ഉണ്ടാക്കാനാണ് എന്നാണ് സിപിഎം പ്രചാരണം നടത്തുന്നത്. ഞാൻ അവിടെ വന്നിട്ടാണോ സംഘർഷം ഉണ്ടായത്? ഞാൻ അവിടെ ചെല്ലാത്ത തലേദിവസം പൊലീസ് അവിടെ ആറ് റൗണ്ട് ടിയർ ഗ്യാസും ഗ്രനൈഡും ഉപയോഗിച്ചു. ശബരിമല ജാഥയുമായി ബന്ധപ്പെട്ട സമരത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് തലേദിവസം മുതൽ അവിടെ നടക്കുന്ന പോലീസ് അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഈ നാടിന്റെ സമാധാനത്തിനും താല്പര്യത്തിനും വേണ്ടിയുള്ള തീരുമാനമാണ് നമ്മൾ എടുക്കേണ്ടത്, നിങ്ങൾ പൊലീസിൽ നിന്ന് അകന്നുനിൽക്കണം, അവിടെ സംഘർഷം ഉണ്ടാകരുത് എന്ന് ഈ സംഘർഷം ഒക്കെ ഉണ്ടാകുന്നതിനു മുമ്പ് അവിടെ ചെന്നിരുന്ന് പറഞ്ഞതാണ് ഞങ്ങൾ. സംഘർഷം വർധിപ്പിക്കാനല്ല ഞങ്ങൾ പോയത്’ -അദ്ദേഹം പറഞ്ഞു.

‘എ​ന്നെ മർദിച്ചത് സർവിസിൽ നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡ്’

ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയതിന് സർവിസിൽനിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് ​പേരാമ്പ്രയിൽ തന്നെ മർദിച്ചതെന്ന് ഷാഫി പറമ്പിൽ എം.പി വെളിപ്പെടുത്തി. ഇന്ന് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിത്രങ്ങളും വിഡിയോകളും സഹിതം ഇക്കാര്യം വ്യക്തമാക്കിയത്.

‘മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോ​ഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണ്. പൊലീസ് സൈറ്റിൽ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. ഇയാൾ ഉൾപ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ കയറ്റി. വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാൾ. സർവിസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഈ പൊലീസുകാരനടക്കമുള്ളവരുടെ രേഖകൾ പൊലീസ് ആസ്ഥാനത്തില്ല എന്നാണ് വിവരാവകാശ നിയപ്രകാരം ​ചോദിച്ചപ്പോൾ ലഭിച്ച മറുപടി. ഇത്തരം അക്രമികളായ പൊലീസുകാരെ ആരുമറിയാതെ പുനർനിയമിച്ചത് കൊണ്ടാണ് ആ രേഖകൾ പുറത്ത് വിടാത്തത്’ -ഷാഫി ആരോപിച്ചു.

ഒരു കോളജ് ഇലക്ഷനിൽ 25 വോട്ടിന് ചെയർമാൻഷിപ്പ് ജയിച്ച പ്രകടനം പോലും ടൗണിലേക്ക് ഇറങ്ങരുത് എന്ന പിടിവാശി പോലീസ് എടുത്തു. ആ പ്രകടനം അന്ന് നടത്താൻ സമ്മതിച്ചില്ല. പിറ്റേ ദിവസം പെർമിഷന് എഴുതിക്കൊടുത്തിട്ടും പ്രകടനം നടത്താൻ സമ്മതിക്കുന്നില്ല. അവിടെ അന്നും സിപിഎം പ്രകടനം നടത്തുന്നു. എഫ്ഐആറിൽ എഴുതിവെച്ചിരിക്കുകയാണ് 500 ഓളം എൽഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി പിരിഞ്ഞുപോയി എന്ന്. യുഡിഎഫ് പ്രകടനം നടത്തുമ്പോൾ ഗതാഗത തടസ്സം ഉണ്ടാകുന്നു, ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നു, ജനങ്ങൾക്ക് തടസ്സമുണ്ടാകുന്നു എന്നൊക്കെയാണ് വാദം. പാർട്ടി സ്റ്റേറ്റ്മെന്റ് എഴുതുന്ന പോലെയല്ലേ പോലീസ് കാര്യങ്ങൾ എഴുതി ചേർത്തത്?.

എനിക്ക് മർദനമേറ്റിട്ടും എന്റെ സഹപ്രവർത്തകർ ഉൾപ്പെടെയുള്ള ആളുകൾക്ക് ഇത്ര മൃഗീയമായ ആക്രമണം ഏറ്റിട്ടും അവിടെ ഏതെങ്കിലും തരത്തിലുള്ള ഒരു കലാപ അന്തരീക്ഷം ഞങ്ങൾ ആരെങ്കിലും സൃഷ്ടിച്ചോ? ഞാൻ ആ മർദ്ദനം ഏറ്റ ഉടനെ ആശുപത്രിയിലേക്ക് ഓടിപ്പോകാത്തത് എന്തേ എന്ന് ചോദിച്ചു. മൂക്കിന്റെ പാലം പൊട്ടി എന്നൊന്നും എനിക്കപ്പോൾ അറിഞ്ഞിരുന്നില്ല, ചോര വരുന്നുണ്ട്. അത് ഞാൻ അനുഭവിച്ചു. പക്ഷേ അങ്ങനെ ഒരു സീനിൽ നിന്ന് ഓടിപ്പോയാൽ അവിടെ പിന്നെ ഉണ്ടാകാൻ പോകുന്ന എല്ലാ സംഘർഷങ്ങളും അപകടം സൃഷ്ടിക്കുന്നതുകൊണ്ട്, അവിടെ പ്രവർത്തകരോട് പിരിഞ്ഞു പോകണം, ഈ പ്രതിഷേധം അവസാനിപ്പിച്ചിരിക്കുന്നു, ബാക്കി കാര്യങ്ങൾ നമ്മൾ പിന്നീട് നിയപരമായി ചെയ്യുമെന്നും പറഞ്ഞ ആളുകളെ പിരിച്ചുവിട്ടിട്ടാണ് ഞങ്ങൾ രണ്ടാളും അവിടുന്ന് പോരുന്നത്.

ഇത്രയൊക്കെ സംഭവിച്ചിട്ട്, പൊലീസിന്റെ കയ്യിലിരിപ്പും കയ്യിലിരുന്ന് പൊട്ടിയതും കൊണ്ടുണ്ടായ പരിക്കല്ലാതെ ഒരു പോലീസുകാരന് പോലും അവിടെ പരിക്കേറ്റിട്ടില്ല. പ്രകോപനമായിരുന്നു നമ്മുടെ ഉദ്ദേശമെങ്കിൽ അങ്ങനെ എന്തെങ്കിലും ഒരു സീൻ അവിടെ ഉണ്ടായോ?. പേരാമ്പ്രയുടെ സമാധാനം കളയാതിരിക്കാനുള്ള ഇടപെടലാണ് ഞങ്ങൾ ആ ദിവസം നടത്തിയത്.

ഒരു മാധ്യമ പ്രവർത്തകനോട് എസ്.പി വിളിച്ചിട്ട് പറഞ്ഞു അവിടെ ഒരു മർദ്ദനം നടന്നിട്ടേ ഇല്ല എന്ന്. അപ്പോഴേക്കും വ്യാജപ്രചരണങ്ങൾ ആരംഭിക്കുകയായിരുന്നു. അവിടെ ലാത്തി ചാർജ് നടന്നു എന്നറിയാഞ്ഞിട്ടൊന്നുമല്ല, ബോധപൂർവ്വം ഈ ചർച്ചകളെല്ലാം വേറൊരു തരത്തിൽ വഴിതിരിച്ചു വിടാനുള്ള ഇവരുടെ അജണ്ടയായിരുന്നു. ഭാഗ്യത്തിനാണ് പിറ്റേദിവസം ഇതിന്റെ വിഷ്വൽ പുറത്തുവന്നത്. അതുവരെ മർദ്ദനം ഏറ്റിട്ടില്ല, അത് മഷിയാണ്, പെയിന്റാണ്, കുപ്പിയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് നടന്നവർ പിന്നെ അത് മാറ്റി പറയേണ്ടി വന്നു.

പിന്നീട് റൂറൽ എസ്.പി ഒരു യോഗത്തിൽ പ്രസംഗിക്കുന്ന വീഡിയോ നമ്മൾ കണ്ടു. പോലീസിലെ ചില ആളുകൾ ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചു എന്നും അതിന്റെ ഒരു വാണിങ് കൊടുത്തിട്ടുണ്ടായിരുന്നില്ല, അതിന്റെ സൈറൻ കൊടുത്തിട്ടുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. ഇത്തരം വിവാദങ്ങൾ നിലനിൽക്കണം, ശബരിമല വിഷയം ചർച്ചയാവരുത് എന്നുള്ളതാണ് ഇതിന്റെ പിന്നിലെ കാരണം -ഷാഫി അഭിപ്രായപ്പെട്ടു. 


എന്തേ? എഐ ടൂൾ പണി മുടക്കിയോ?’

ത​ന്നെ മറദിച്ച പ്രതി​യെ എഐ ടൂൾ ഉപയോഗിച്ചിട്ട് കണ്ടെത്തും എന്ന് എസ്.പി പറഞ്ഞിട്ട് എന്തായി എന്നും ഷാഫി ചോദിച്ചു.  ‘എന്തേ? എഐ ടൂൾ പണി മുടക്കിയോ? എന്താ ഇതുവരെ അടിച്ച ആളെ കണ്ടെത്താത്തത്?. റൂറൽ എസ്പി ആരുടെ ഭീഷണിക്ക് വഴങ്ങിയായിട്ടാണ് മുന്നോട്ട് പോകാതിരുന്നത്?. ആ അന്വേഷണം അവസാനിപ്പിച്ചു, മരവിപ്പിച്ചു. എഐ ടൂൾ ഉപയോഗിച്ച് കുഴപ്പം ഉണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തുമെന്ന് റൂറൽ എസ്പി പറഞ്ഞതിന്റെ തൊട്ടുപുറകെ, അത് കണ്ടെത്തരുത്, പുറത്തുവിടരുത് എന്നുള്ള സിപിഎമ്മിന്റെ പൊളിറ്റിക്കൽ ഡയറക്ഷൻ കൊടുക്കുത്തതിന്റെ പേരിലല്ലാതെ എഐ ടൂൾ പണിമുടക്കിയതാണെങ്കിൽ ഇവർ പറയണം.

ഞാൻ ഐസിയുവിൽ നിന്ന് മാറ്റി റൂമിലേക്ക് വന്ന സമയത്ത് പോലീസ് കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു. രണ്ടു മണിക്ക് കാണാമെന്ന് എന്റെ കൂടെ നിൽക്കുന്ന ആളോട് പറഞ്ഞു. ഇതുവരെ പോലീസ് എന്റെ അടുത്ത് വന്നിട്ടില്ല. മൊഴി എടുത്തിട്ടില്ല, സ്റ്റേറ്റ്മെന്റ് എടുത്തിട്ടില്ല, കേസ് രജിസ്റ്റർ ചെയ്തതായിട്ടുള്ള അറിയിപ്പ് കിട്ടിയിട്ടില്ല. റൂറൽ എസ്പി വീഡിയോയിൽ അന്വേഷണം പ്രഖ്യാപിച്ച ശേഷം ഇത് ചെയ്യരുത് എന്നുള്ള നിർദ്ദേശം ആരാണ് കൊടുത്തത്?. ഇത് പോലീസ് ബോധപൂർവ്വം സൃഷ്ടിച്ച അക്രമമാണ്, അതിന് പൊളിറ്റിക്കൽ ഡയറക്ഷൻ ഉണ്ടായിരുന്നു എന്നുള്ളത് ഉറപ്പാണ്’ -ഷാഫി പറമ്പിൽ പറഞ്ഞു. 

Tags:    
News Summary - shafi parambil against police atrocity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.