ശബരിമല അപകടം: പൊലീസിന്‍റെ വീഴ്ചയെന്ന് റിപ്പോർട്ട്

പത്തനംതിട്ട: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് മുപ്പതിലധികം അയ്യപ്പഭക്തർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പൊലീസുകാർ പിടിച്ചിരുന്ന വടം വഴുതിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. തങ്ക അങ്കി യാത്ര നടക്കുന്ന തിരക്കുള്ള സമയത്തും പത്തില്‍ താഴെ പോലീസുകാരാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. ബാരിക്കേഡുകൾ വെക്കാത്തതും തിരക്കുള്ള സമയമായിട്ടും ഒൻപത് പൊലീസുകാർ മാത്രം വടം പിടിച്ചതുമാണ് അപകടത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോർട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറി. അതേ സമയം, സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഐ.ജി ശ്രീജിത്തിനോട് റിപ്പോര്‍ട്ട് തേടി. ഇന്നലെ തങ്ക അങ്കി യാത്രയോട് അനുബന്ധിച്ച് ശബരിമലയില്‍ അനുഭവപ്പെട്ട തിക്കിലും തിരക്കിലും പെട്ട് മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമായിരുന്നു. അപകടത്തിനിരയായവർക്ക് ശരിയായ രീതിയിൽ ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞിരുന്നില്ല. കൈകളും കാലും ഒടിഞ്ഞ അയ്യപ്പൻമാർക്ക് എക്സ് -റേ എടുക്കാനുളള സൗകര്യവും ഉണ്ടായിരുന്നില്ല. അതിനാൽ അപകടത്തിൽപ്പെട്ടവരെ പമ്പയിലേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.

പരുക്കേറ്റവര്‍ക്ക് സൗജന്യമായി ചികിത്സയൊരുക്കുമെന്നും ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ദേവസ്വം വകുപ്പ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ദേവസ്വം ബോര്‍ഡംഗങ്ങളായ കെ. രാഘവന്‍, അജയ് തറയില്‍, ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ഐ.ജി. എസ്. ശ്രീജിത്ത് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

എന്നാൽ, വടം പൊട്ടിയതു മൂലമല്ല അപകടമുണ്ടായതെന്നും തിരക്ക് വര്‍ധിച്ചതിനാലാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Tags:    
News Summary - shabarimala accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.