തിരുവനന്തപുരം: ആർ.എസ്.എസ് ശാഖയിലെ രാഷ്ട്രീയം വൈസ് ചാൻസലർ കേരളത്തിൽ എടുക്കേണ്ടെന്ന് എസ്.എഫ്.ഐ. കേരളസർവകലാശാല, കാർഷിക സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മേലിനെതിരെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് രൂക്ഷ വിമർശനം ഉന്നയിച്ചത്.
സർവകലാശാലയിൽ നടത്താനിരുന്ന സെമിനാർ ദേശീയതക്ക് എതിരാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം വൈസ് ചാൻസലർ റദ്ദാക്കിയിരുന്നു. സർവകലാശാല തമിഴ് വകുപ്പ് നടത്താനിരുന്ന സെമിനാർ റദ്ദാക്കാനാണ് വി.സി മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്ക് നിർദേശം നൽകിയത്. ‘കേരളത്തിലെ വിദ്യാർഥികളെ വി.സി രാജ്യസ്നേഹം പഠിപ്പിക്കേണ്ട. വിദ്യാർഥികളെ രാജ്യദ്രോഹി എന്നാണു വി.സി വിളിച്ചത്.
എൻ.ഐ.എ പിറകെ വരുമെന്നു പറഞ്ഞു കുട്ടികളെ ഭീഷണിപ്പെടുത്തുന്നു. ഭീഷണിപ്പെടുത്തിയാൽ തിരിഞ്ഞോടും എന്നാവും. ആർ.എസ്.എസ് രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് വി.സിക്ക് താൽപര്യം. അവർക്കെതിരായാൽ രാജ്യത്തിന് എതിരാണ് എന്നു വരുത്തിത്തീർക്കാനാണ് ശ്രമം. വിദ്യാർത്ഥികളെ രാജ്യവിരുദ്ധർ എന്ന് വിളിച്ച പ്രസ്താവന വി.സി പിൻവലിക്കണം. വി.സി മാപ്പ് പറയണം, മാപ്പ് പറയാൻ വിസിക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. ആർ എസ് എസ് ശാഖയിൽ അത് പഠിപ്പിക്കുന്നുണ്ടല്ലോയെന്നും’ അദ്ദേഹം ചോദിച്ചു. ‘ആർ.എസ്.എസിനെതിരെ സംസാരിച്ചാൽ രാജ്യവിരുദ്ധരാക്കുന്ന വേല കൈയിൽ വെച്ചാൽ മതി. സംസ്ഥാനത്തെമ്പാടും കേരള വി.സിയുടെ കോലം കത്തിക്കും. ഇങ്ങനെ വി.സിയെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധം ഉയരുമെന്നും വി.സിയുടെ ശരീര ഭാഷ തന്നെ ബി.ജെ.പി നേതാക്കളുടേതാണെന്നും പി.എസ്.സഞ്ജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.