കാമ്പസിൽ കൊടിമരം സ്ഥാപിച്ചതിൽ തർക്കം; തോട്ടട ഐ.ടി.ഐയിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി

കണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ -കെ.എസ്‍.യു പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. സംഘർഷത്തിലും പൊലീസ് ലാത്തിച്ചാർജിലും നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കെ.എസ്.യു -എസ്.എഫ്.ഐ പ്രവർത്തകരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് കെ.എസ്.യു പ്രവർത്തകർക്കും ആറ് എസ്.എഫ്.ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. കെ.എസ്‌.യു കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഏറ്റുമുട്ടലി​ൽ കലാശിച്ചത്. ഈ മാസം 20ന് ഐ.ടി.ഐയിൽ യൂനിയൻ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായ പ്രവർത്തനങ്ങൾക്കിടെ പലപ്പോഴും ചെറിയ സംഘർഷങ്ങൾ ഉടലെടുക്കാറുണ്ട്.

കെ.എസ്.യുവിന്റെ പതാക അഴിച്ചുമാറ്റിയെന്ന്

കെ.എസ്.യു പ്രവർത്തകർ സ്ഥാപിച്ച കൊടി എസ്.എഫ്.ഐക്കാർ അഴിച്ചുമാറ്റിയെന്നാണ് അവർ ഉന്നയിക്കുന്ന ആരോപണം. ഇത് കെ.എസ്.യു പ്രവർത്തകർ ചോദ്യംചെയ്തതോടെയുണ്ടായ വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിച്ചു. ഇരു സംഘടനയിലെ നേതാക്കളും പ്രവർത്തകരും വ്യാഴാഴ്ച രാവിലെത്തന്നെ കാമ്പസിൽ സംഘടിച്ചിരുന്നു. സംഘർഷം നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

സാരമായി പരിക്കേറ്റ കെ.എസ്.യു ഐ.ടി.ഐ യൂനിറ്റ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് റിബിൻ, അർജുൻ കോറോം, വിതുൽ ബാലൻ എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിസ്സാര പരിക്കേറ്റ ഫർഹാൻ മുണ്ടേരി, രാഗേഷ് ബാലൻ, ദേവകുമാർ, ഹരികൃഷ്ണൻ പാളാട് എന്നിവർക്ക് പ്രഥമശുശ്രൂഷ നൽകി. എസ്​.എഫ്​.ഐ പ്രവർത്തകരായ ഷാരോൺ, ആഷിക്, ആദിത്, അജന്യ, നവനീത് എന്നിവർക്കും പരിക്കേറ്റിരുന്നു. ആഷിക്കിന്റേത് സാരമായ പരിക്കാണ്.

സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം -എസ്.എഫ്.ഐ

പുറത്തുനിന്നു വന്ന കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌, കെ.എസ്.യു പ്രവർത്തകർ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണുണ്ടായതെന്ന് എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കുറെ നാളുകളായി ഐ.ടി.ഐ കാമ്പസിനകത്ത് സമാധാനാന്തരീക്ഷം തകർത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കെ.എസ്.യു ശ്രമം. ഇതിനെതിരെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഫാഷിസ്റ്റ് സമീപനം -കെ.എസ്.യു

എസ്.എഫ്.ഐയുടെ കോട്ടയായിരുന്ന ഏകാധിപത്യ കാമ്പസിൽ പ്രവർത്തിക്കുന്നുവെന്ന പേരിലാണ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു. തോട്ടട ഐ.ടി.ഐയിൽ ജനാധിപത്യം ഉറപ്പുവരുത്തുന്നതുവരെ കെ.എസ്.യു പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

എസ്.എഫ്.ഐ ആക്രമണം കിരാതം -കെ. സുധാകരന്‍ എം.പി

കണ്ണൂര്‍: തോട്ടട ഐ.ടി.ഐയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച എസ്.എഫ്.ഐ നടപടി കിരാതമാണെന്നും ആക്രമണം നടത്തിയവർക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടന പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കമ്യൂണിസ്റ്റ് ഫാഷിസത്തിന്റെ തുടര്‍ച്ചയാണീ ആക്രമണം. ഇത് അംഗീകരിക്കാനാവില്ല. പക്ഷപാതപരമായിട്ടാണ് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സി.പി.എം ക്രിമിനലുകളെ വളർത്തുന്നു -വി.ഡി. സതീശൻ

കണ്ണൂരില്‍ സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഐ.ടി.ഐയിലെയും തൊട്ടടുത്ത പോളിടെക്‌നിക്കിലെയും യൂനിയന്‍ ഓഫിസുകള്‍ ഇടിമുറികളാണ്. അവിടെ കെ.എസ്.യുക്കാരെ മാത്രമല്ല, എസ്.എഫ്.ഐ അല്ലാത്ത എല്ലാവരെയും ആക്രമിക്കുകയാണ്. അടിയന്തരമായി ഐ.ടി.ഐയും പോളിടെക്‌നിക്കും റെയ്ഡ് ചെയ്ത് പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിക്കേറ്റ് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.എസ്.യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എഫ്.ഐയുടെ നടപടി പ്രതിഷേധാർഹം -യൂത്ത് കോൺഗ്രസ്‌

കണ്ണൂർ: ഗവ. ഐ.ടി.ഐയിൽ കെ.എസ്.യു നേതാക്കളെ ആക്രമിക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്ത എസ്.എഫ്.ഐ നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

പടം.... ITI SANGHARSHAM ...

തോട്ടട ഐ.ടി.ഐയിൽ കെ.എസ്.യു- എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടുന്നു 

Tags:    
News Summary - SFI-KSU activists clashed at Thotata ITI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.