പ്രതീകാത്മക ചിത്രം

രക്ഷാപ്രവർത്തനത്തിനിടെ ലൈംഗികാതിക്രമം; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ കേസ്

കായംകുളം:  രക്ഷാപ്രവർത്തനങ്ങൾക്കിടെ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാപാരി നേതാവിനെതിരെ കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻ്റ് സിനിൽ സബാദിന് എതിരെയാണ് കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ മാസം നാലിന് പുലർച്ചെ 12.45 ഓടെ കെ.പി.എ.സി ജംഗ്ഷന് സമീപമുണ്ടായ വാഹനപകടത്തിനിടെയായിരുന്നു സംഭവം.

ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന പെൺകുട്ടി, കൂട്ടുകാരിയും കുടുംബവുമായി മലയാറ്റൂർ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. ഈ സമയം സമീപത്തെ വീട്ടിലുണ്ടായിരുന്ന സിനിൽ സബാദും സുഹൃത്തുക്കളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇതിനിടയിൽ സിനിൽ പെൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചെന്നാണ് കേസ്. സംഭവം പുറത്തുപറയരുതെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷിക്കാൻ സാഹചര്യം ഒരുക്കിയെന്നാണ് ആക്ഷേപം.

അതേസമയം സംഭവം മനഃപൂർവം അല്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു സിനിലിന്റെ വാദം. ഇതോടെ കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്ക് നോട്ടീസ് നൽകി പൊലീസ് വിട്ടയക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് രഹസ്യ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം പൊലീസിന് സംഭവത്തിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപത്തെ തുടർന്ന് ഡി.ജി.പി ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. കേസിൻ്റെ തുടർ അന്വേഷണം ഉന്നത ഉദ്യോഗസ്ഥന് കൈമാറുമെന്നാണ് സൂചന.

Tags:    
News Summary - Sexual assault during rescue operations: Case filed against leader of Traders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.