ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് കസ്റ്റഡിയിൽ

കൊച്ചി: യുവനടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ. ഫോർട്ടുകൊച്ചിയിലെ സിനിമാ സെറ്റിൽവെച്ച് അതിക്രമം നേരിട്ടെന്നാരോപിച്ച് നടി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ വനിതാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ പൊലീസിന്‍റെ കസ്റ്റഡി അപേക്ഷക്കൊപ്പം ഒരുമിച്ചു പരിഗണിക്കാന ശനിയാഴ്ചത്തേക്ക് മാറ്റി.

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ, ലൈംഗികാവശ്യം ഉന്നയിക്കൽ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് രഞ്ജിത്തിനെതിരെ ചുമത്തിയത്. കൊച്ചിയിലെ താമസസ്ഥലത്ത് എത്തിയപ്പോൾ വീട് പൂട്ടിക്കിടന്നതിനെ തുടർന്ന് തൊടുപുഴയിലെത്തിയ പൊലീസ് അവിടത്ത ഹോട്ടലിൽ നിന്നാണ് ചൊവ്വാഴ്ച രാത്രി പിടികൂടിയത്.

മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് അന്വേഷണ സംഘം തൊടുപുഴയിലെത്തിയത്. രാത്രി 12.30ന് കൊച്ചി വനിതാ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ രക്തസമ്മർദം, ഹൃദയമിടിപ്പ്, ഇ.സി.ജി എന്നിവയിൽ വ്യതിയാനം കണ്ടെത്തിയതിനാൽ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വീണ്ടും പരിശോധന നടത്തിയപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഒമ്പതോടെ മജിസ്ട്രേട്ടിന്‍റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി.

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ തനിക്ക് ബലപ്രയോഗത്തിനുള്ള ആരോഗ്യമില്ലെന്നാണ് രഞ്ജിത്തിന്‍റെ വാദം. ആരോഗ്യസ്ഥിതി മോശമാണെന്നും അന്വേഷണത്തോ് പൂർണമായി സഹകരിക്കാമെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. കേസിലെ അതിജീവിതയായ നടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി പരിശോധിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.

Tags:    
News Summary - Sexual Assault Case: Director Ranjith Arrested Following Actress's Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.