ഏഴിനം പുതിയ രാത്തവളകളെ പശ്ചിമഘട്ടത്തില്‍ കണ്ടത്തെി

തിരുവനന്തപുരം: ലോകത്തെതന്നെ ഏറ്റവും വലുപ്പം കുറഞ്ഞത് ഉള്‍പ്പെടെ ഏഴിനം പുതിയ രാത്തവളകളെ പശ്ചിമഘട്ടത്തില്‍ കണ്ടത്തെി. പാരിസ്ഥിതിക വെല്ലുവിളി നേരിടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും ശബരിമല തീര്‍ഥാടന കേന്ദ്രത്തിനും അടുത്തുനിന്നുള്‍പ്പെടെയാണ് ഇവയെ കണ്ടത്തെിയത്. നേരത്തേ ലോകത്ത് കണ്ടത്തെിയ 28ഇനം രാത്തവളകളില്‍ മൂന്നെണ്ണം മാത്രമാണ് തീരെ വലുപ്പം കുറഞ്ഞവയായി ഉണ്ടായിരുന്നത്. 18 മില്ലീ മീറ്ററിലും കുറവ്. എന്നാല്‍, പുതുതായി കണ്ടത്തെിയ ഏഴ് ഇനത്തില്‍ നാലെണ്ണവും തീരെ വലുപ്പം കുറഞ്ഞവയാണ് -12.2 മില്ലിമീറ്ററിനും 15.4 മില്ലിമീറ്ററിനും ഇടക്ക് മാത്രം വലുപ്പമുള്ളവ. ചീവീടിന്‍െറ സ്വരവുമായി സാമ്യമുള്ളതാണ് ഈ കുറിയന്‍ തവളകളുടെ ശബ്ദം.

ഡല്‍ഹി സര്‍വകലാശാല പരിസ്ഥിതി പഠന വകുപ്പിലെ ഡോ. എസ്.ഡി. ബിജുവിന്‍െറ നേതൃത്വത്തിലെ ഗവേഷക സംഘമാണ് കണ്ടത്തെിയത്. നിക്ടിബത്രാച്ചസ് റാഡ്ക്ളിഫൈ, നിക്ടിബത്രാച്ചസ് അതിരപ്പിള്ളിയെന്‍സിസ്, നിക്ടിബത്രാച്ചസ് വെബില, നിക്ടിബത്രാച്ചസ് ശബരിമലൈ,  നിക്ടിബത്രാച്ചസ് പുലിവിജയനി, നിക്ടിബത്രാച്ചസ് മണലാരി, നിക്ടിബത്രാച്ചസ് റോബിന്‍മൂറി എന്നിവയെയാണ് കണ്ടത്തെിയത്.

പശ്ചിമഘട്ട വനത്തില്‍ ഗവേഷക സംഘത്തെ സഹായിച്ച കാണി വിഭാഗത്തില്‍പെട്ട പുലിവിജയന്‍ എന്നയാളുടെ പേരാണ് ഒരു തവളക്ക് സമ്മാനിച്ചത്. രാത്രികളില്‍ സജീവമായ ഇവയെ പശ്ചിമഘട്ടത്തില്‍ മാത്രമാണ് കാണാനാകുക. വനത്തിനുള്ളില്‍ പൊഴിഞ്ഞു കിടക്കുന്ന ഇലകളിലും ചതുപ്പു പ്രദേശങ്ങളിലുംനിന്നാണ് ശാസ്ത്രജ്ഞര്‍ ഇവയെ കണ്ടത്തെിയത്. 12.3 മി. മീറ്റര്‍ മാത്രം വലുപ്പമുള്ള ശബരിമല രാത്തവളയെ തീര്‍ഥാടന കേന്ദ്രത്തിന്‍െറ സമീപത്തുനിന്നാണ് കണ്ടതെന്ന് ബിജു പറഞ്ഞു. അതിരപ്പിള്ളി രാത്തവളയെ വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നും കണ്ടത്തെി.

3.6 മി. മീറ്റര്‍ വലുപ്പമുള്ളതും അഗസ്ത്യമലയില്‍നിന്നും കണ്ടത്തെിയതുമായ പുലിവിജയന്‍ തവളയെ തള്ളവിരല്‍ തുമ്പില്‍ ഇരുത്താനാവും. 12.2 മി. മീറ്റര്‍ വലുപ്പമുള്ള റോബിന്‍മൂര്‍ ഇനത്തെ 24 മി.മീറ്റര്‍ വ്യാസമുള്ള അഞ്ചു രൂപ നാണയത്തിന്‍ മേലും ഇരുത്താന്‍ കഴിയും. മണലാര്‍ രാത്തവളയെ തെക്കന്‍ പശ്ചിമഘട്ടത്തിലെ ചായത്തോട്ടങ്ങളോട് ചേര്‍ന്ന വനത്തിലും റാഡ്ക്ളിഫ് ഇനത്തെ സ്വകാര്യ തോട്ടങ്ങളിലും സംരക്ഷിത വനപ്രദേശത്തിന്‍െറ പുറത്തുനിന്നുമാണ് കണ്ടത്തെിയത്.

 

Tags:    
News Summary - seven new night frog are found at western ghats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.