കൊച്ചി: ശിരോവസ്ത്ര നിരോധന നിലപാടിൽ സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്‍റിന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി തള്ളി.
ശിരോവസ്ത്രം ധരിച്ചതിന് സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്‍റ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പുറത്താക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയ സുബിൻ പോൾ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ സ്കൂളിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നും സ്കൂൾ നിഷ്കർഷിക്കുന്ന യൂനിഫോമിന്‍റെ രീതിയിലെ ശിരോവസ്ത്രം ധരിച്ച് കുട്ടിക്ക് സ്കൂളിൽ വരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജ്മെന്‍റ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിലെ ആവശ്യം നിലനിൽക്കുന്നതാണും റിപ്പോർട്ട് സ്റ്റേ ചെയ്യാനാകില്ല എന്നുമാണ് ഹൈകോടതി നിരീക്ഷിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ സ്കൂളിൽവെച്ച് പ്രിൻസിപ്പൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, സ്കൂളിന്‍റെ അവകാശങ്ങൾക്ക് സംരക്ഷണം നൽകിയ ഹൈോടതിക്ക് നന്ദി പറഞ്ഞിരുന്നു. എന്നാൽ, വൈകുന്നേരം ഹൈകോടതിയിൽനിന്ന് തിരിച്ചടിയാണ് ഉണ്ടായത്.
‘സ്കൂളിന് അവകാശങ്ങളുണ്ടെന്നും അതിന് സുരക്ഷ വേണമെന്ന് ബോധ്യമായപ്പോൾ സംരക്ഷണം നൽകിയ ബഹുമാനപ്പെട്ട കേരള ഹൈോടതിക്ക് നന്ദി. അതിന് വേണ്ടി നിയമ സഹായം നൽകിയ വക്കീലിനും കൃതജ്ഞത അറിയിക്കുന്നു. ഈ സ്കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ച് വിദ്യാർഥിനി വന്നാൽ വിദ്യാഭ്യാസം പൂർത്തിയാകുവോളം വിദ്യ നൽകാൻ തയാറാണ്. കോടതിയുടെ മുന്നിലിരിക്കുന്നതാണ് പല വിഷയങ്ങളും, നിയമം അതിന്‍റെ വഴിക്ക് തന്നെ പോകട്ടെ. കോടതിയെയും സർക്കാറിനെയും എന്നും ബഹുമാനിച്ചിരുന്നു, അത് തുടരും’ -എന്നായിരുന്നു ഇന്ന് രാവിലെ പ്രിൻസിപ്പൽ പറഞ്ഞിരുന്നത്.
കോഴിക്കോട്: ശിരോവസ്ത്രം ധരിച്ച ടീച്ചർ സ്കൂളിൽ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുട്ടി സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ‘കുട്ടി എന്ത് കാരണത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂൾ വിട്ടുപോകുന്നതെന്നത് പരിശോധനക്ക് വിധേയമാക്കും. അതിന് കാരണക്കാരായവർ സർക്കാറിനോട് മറുപടി പറയേണ്ടിവരും. കുട്ടിക്ക് മാനസിക സംഘർഷത്തിന്‍റെ പേരിൽ എന്തെങ്കിലും ബുദ്ധുമുട്ടുണ്ടായിൽ അതിന്‍റെ പൂർണ ഉത്തരവാദി സ്കൂൾ അധികാരികളായിരിക്കും. ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളുമുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാഭ്യാസം അനുവദിക്കു. ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷം എത്രമാത്രമായിരിക്കും. അങ്ങനെ ഒരു കൊച്ചു കുട്ടിയോട് പെരുമാറാൻ പാടുണ്ടോ? സ്കൂളിൽ തന്നെ പറഞ്ഞുതീർക്കേണ്ട വിഷയമാണ് ഇത്തരത്തിൽ വഷളാക്കിയത്’ -മന്ത്രി പറഞ്ഞു.
കുട്ടിയെ സംരക്ഷിക്കുക എന്നതാണ് സർക്കാറിന്‍റെ നിലപാട്. ലീഗൽ അഡ്വൈസർ സ്കൂളിന്‍റെ കാര്യം സംസാരിക്കേണ്ട. ശിരോവസ്ത്രം ധരിച്ചിരിക്കുന്ന ഒരു ടീച്ചർ കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ല എന്ന് പറയുന്നത് വിരോധാഭാസമാണ്. യൂനിഫോം നിറമുള്ള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന് മറുപടി പറയേണ്ടത് ലീഗല്‍ അഡ്വൈസറല്ലെന്നും ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട വിഷയം വഷളാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.