സിനിമാ സെറ്റ് തകർത്ത സംഭവം; ഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ കേസെടുത്തു 

കൊച്ചി: മിന്നൽ മുരളി സിനിക്കായി കാലടി മണപ്പുറത്ത് തയാറാക്കിയ സെറ്റ് തകർത്ത സംഭവത്തിൽ അഞ്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ക്രിസ്ത്യൻ പള്ളിയുടെ രൂപമാണെന്ന് ആരോപിച്ചാണ് സ്വാഭിമാനം സംരക്ഷിക്കാനെന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന് കീഴിലെ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർ സെറ്റ് തകർത്തത്. 

35 ലക്ഷം രൂപയോളം മുടക്കിയാണ് മിന്നൽ മുരളി സിനിമയുടെ പ്രധാന ലോക്കേഷനായി സെറ്റിട്ടതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ലോക്ഡൗൺ കാരണമാണ് ഷൂട്ടിങ് പൂർത്തിയാവാതിരുന്നത്. 

സെറ്റ് തകർത്ത സംഭവം ചിത്രങ്ങൾ സഹിതം എ.എച്ച്.പി ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കാലടി മണപ്പുറത്ത് മഹാദേവന്‍റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാജിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം എന്ന കുറിപ്പോടെയാണ് സെറ്റ് തകർത്ത ചിത്രങ്ങൾ ഇയാൾ പങ്കുവെച്ചത്. 

മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. സെറ്റ് പൊളിച്ചത് നിർഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി. സംഭവത്തില്‍ നിർമാതാക്കൾക്ക് വേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആലുവ റൂറൽ എസ്.പി കെ. കാർത്തിക്കിന് പരാതി നല്‍കിയിരുന്നു. 

സംഭവത്തിൽ സിനിമാരംഗത്തും സാംസ്കാരിക രംഗത്തും വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - set demolition case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.