രാഹുൽ മാങ്കൂട്ടത്തിൽ

രണ്ടു കാലും കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഇറങ്ങും; തന്നെ ജയിപ്പിക്കാൻ കഷ്ടപ്പെട്ടവർക്കായാണ് വോട്ട് തേടുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: രണ്ടു കാലും കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ. സുധാകരൻ, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവരെല്ലാം തന്‍റെ നേതാക്കളാണ്. സസ്പെൻഷനിലായ താൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ല. ഇപ്പോൾ നടക്കുന്നത് തന്നെ എം.എൽ.എ ആക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചരണമാണെന്നും രാഹുൽ പറഞ്ഞു.

നേതൃത്വം വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചരണം തുടരാനുള്ള തീരുമാനത്തിലാണ് രാഹുൽ. ‘ഒരു നേതാവും തന്നോട് പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയോ, കെ.സി. വേണുഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ല. ഒരു പ്രവർത്തകൻ എന്ന നിലക്ക് കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഒരു സാധാരണപ്രവർത്തകനായി വോട്ട് ചോദിക്കാനാണ് എത്തിയത്. പല വാ‍ർഡുകളിലും പ്രചരണത്തിന് എത്തും’ -രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജിവെച്ചിരുന്നു. എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് അഭിപ്രായം ഉയർന്നെങ്കിലും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചരണത്തിൽ രാഹുൽ സജീവമാണ്. രാഹുലിന് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും വേണുഗോപാൽ പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോയെന്നാണ് ക്രൈംബ്രാഞ്ച് ഉറ്റുനോക്കുന്നത്.

രാഹുലിനെതിരായ മാധ്യമവാർത്തകളുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളിലാണ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം. പക്ഷേ, ആരും മൊഴി നൽകിയില്ല. ഗ‌ർഭഛിദ്രത്തിന് നിർബന്ധിച്ചതായി പറയുന്ന ശബ്ദരേഖയിലെ യുവതിയെയും പൊലീസ് കണ്ടെത്തിയിരുന്നു.

ഒരു വനിത ഐ.പി.എസ് ഉദ്യോഗസ്ഥ യുവതിയിൽനിന്ന് നേരിട്ട് മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ല. കൂടുതൽ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലും യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നു. പക്ഷേ പരാതിയുമായി യുവതി സമീപിച്ചാൽ മാത്രമേ നിയമപരമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ചിന് കഴിയൂ.

Tags:    
News Summary - Seeking votes for those who worked hard to make him win -Rahul Mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.