മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം..: കുരുക്കിയത് ഫേസ്ബുക്ക് പോസ്റ്റ്

പത്തനംതിട്ട: സജി ചെറിയാനെ കുരുക്കിയത് സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റി ജൂലൈ മൂന്നിന് സംഘടിപ്പിച്ച പരിപാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏരിയ കമ്മിറ്റി അംഗവും റിട്ട. ജില്ല ലേബർ ഓഫിസറുമായ കെ.പി. രാധാകൃഷ്ണൻ ഫേസ്ബുക്ക് പേജിൽ നടത്തിയിരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണത്തിന്‍റെ നൂറാം എപ്പിസോഡിന്‍റെ അനുമോദന സമ്മേളനം ഉദ്ഘാടനത്തിനാണ് സജി ചെറിയാൻ എത്തിയത്.

ഞായറാഴ്ച വൈകീട്ട് മല്ലപ്പള്ളി വട്ടശ്ശേരി പ്ലാസയിലായിരുന്നു പരിപാടി. എം.എൽ.എമാരായ പ്രമോദ് നാരായണൻ, മാത്യു ടി. തോമസ്, മുൻ എം.എൽ.എ രാജു എബ്രഹാം, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർ പങ്കെടുത്ത വേദിയിലാണ് വിവാദ പരാമർശം നടത്തിയത്. പിന്നീട് കെ.പി. രാധാകൃഷ്ണൻ ഫേസ്ബുക്ക് പേജിൽ പ്രസംഗം പോസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയോടെ അത് വൈറലായപ്പോഴാണ് വിവാദം തുടങ്ങിയത്.

ഒരുമണിക്കൂർ നീണ്ട പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ചുവടെ:

''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഞാൻ പറയുന്നത് ഇന്ത്യയിലെ ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻപറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്.

ബ്രിട്ടീഷുകാരൻ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള് പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല, ഈ രാജ്യത്തെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. അതിന് കുറച്ച് പ്രമോദ് നാരായണന്‍റെ (വേദിയിലുണ്ടായിരുന്ന എം.എൽ.എ) ഭാഷയിൽ പറഞ്ഞാൽ ഇച്ചിരി മുക്കും മൂലയും അരിച്ചുപെറിച്ച് ഗുണങ്ങൾ ഇട്ടിട്ടുണ്ട്. എന്നുവെച്ചാൽ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്‍റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ചൂഷണം. ഞാൻ ചോദിക്കട്ടെ, തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ.

1957ൽ ഇവിടെ ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോൾ ആദ്യത്തെ ഗവൺമെൻറ് തീരുമാനിച്ചു തൊഴിൽനിയമങ്ങൾ സംരക്ഷിക്കണമെന്ന്. കൂലി ചോദിക്കാൻ പറ്റില്ലായിരുന്നു. കൂലി ചോദിച്ചാൽ പൊലീസുകാർ നടുവ് ചവിട്ടി ഒടിക്കുമായിരുന്നു. അപ്പോൾ എക്സ്പ്ലോയിറ്റേഷനെ, ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഈ രാജ്യത്ത് വളർന്നുവരുന്നത്. ഈ പണമെല്ലാം എവിടെനിന്നാണ്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ചമൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട്, പാവങ്ങളെ ചൂഷണംചെയ്ത്, അവന് ശമ്പളം കൊടുക്കാതെ.

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എന്ന് പറഞ്ഞ് സമരം ചെയ്തിട്ട് ഇന്ന് നമ്മുടെ നാട്ടിൽ 12ഉം 16ഉം 20ഉം മണിക്കൂർ ജോലി ചെയ്യുമ്പോൾ ഈ രാജ്യത്തിന്റെ ഭരണഘടന അവർക്ക് പ്രൊട്ടക്ഷൻ കൊടുക്കുന്നുണ്ടോ?''.

Tags:    
News Summary - Secularism, Democracy, Kuntham, Kudachakram..:Facebook post ended in saji cheriyan's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.