കൊച്ചി: സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി കെ.എം. ദിനകരനെതിരെ ജില്ല സെക്രട്ടറിയും എം.എല്‍.എയുമായിരുന്ന പി. രാജുവിന്റെ രൂക്ഷ വിമര്‍ശനം. എറണാകുളത്ത് സി.പി.ഐയില്‍ കടുത്ത വിഭാഗീയതയാണെന്ന് രാജു തുറന്നടിച്ചു. ജില്ല സെക്രട്ടറി കെ.എം. ദിനകരന് തന്നോട് തീര്‍ത്താല്‍ തീരാത്ത പകയാണെന്നും ഒറ്റക്ക് കിട്ടിയാല്‍ തന്നെ തട്ടിക്കളയുമെന്ന പേടിയുണ്ടെന്നും രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കള്ളക്കണക്കുണ്ടാക്കിയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് പുറത്താക്കുകയാണ് ജില്ല സെക്രട്ടറി. തനിക്കെതിരായ അച്ചടക്കനടപടി പക്ഷപാതപരമാണെന്നും പി. രാജു കുറ്റപ്പെടുത്തി. തനിക്ക് പാര്‍ട്ടിയില്‍നിന്ന് നീതി കിട്ടിയില്ല. ഒരുരൂപ പോലും അലവൻസ് വാങ്ങാതെയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. കെ.എം. ദിനകരൻ സമ്പൂര്‍ണ പരാജയമാണ്. സി.പി.ഐക്ക് എറണാകുളത്ത് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും രാജു ആരോപിച്ചു.
രാജുവിനെ പാർട്ടി ചുമതലകളിൽ നിന്നെല്ലാം ഒഴിവാക്കാനും ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനും കഴിഞ്ഞ ദിവസമാണ് ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചത്. അടുത്ത ദിവസം ജില്ല കൗൺസിൽ യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. തീരുമാനം അംഗീകരിക്കാനാണ് സാധ്യത. രാജു പാര്‍ട്ടി സ്ഥാനങ്ങൾ വഹിച്ച് 73 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. സാമ്പത്തികാരോപണങ്ങള്ക്കിടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പി. രാജു രംഗത്തെത്തിയത്.
ജില്ല എക്സിക്യൂട്ടിവ് അംഗമായ എം.ടി. നിക്സണെ കളമശ്ശേരി മണ്ഡലം കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. 2022ൽ നടന്ന ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച വരവുചെലവ് കണക്ക് സമ്മേളനം അംഗീകരിച്ചിരുന്നില്ല. തുടർന്ന് ജില്ല കൗൺസിൽ അംഗങ്ങളായ എം.എം. ജോർജ്, അഡ്വ. ജി. വിജയൻ, അഡ്വ. അയൂബ്ഖാൻ എന്നിവർ അംഗങ്ങളായ സമിതി അന്വേഷണം നടത്തിയാണ് ക്രമക്കേട് കണ്ടെത്തിയത്.
ലക്ഷക്കണക്കിനു രൂപ രസീതില്ലാതെ പിരിക്കുകയും ഭീമമായ തുക വൗച്ചറില്ലാതെ ചെലവഴിക്കുകയും ചെയ്തെന്നായിരുന്നു കണ്ടെത്തൽ. ഇക്കാലയളവിൽ ജില്ല സെക്രട്ടറിയായിരുന്ന പി. രാജുവും ട്രഷററായിരുന്ന എം.ടി. നിക്സണുമാണ് ഇതിനുപിന്നിലെന്നും അന്വേഷണസമിതി കണ്ടെത്തി.
കൃത്രിമ കണക്കുണ്ടാക്കി നടപടി സ്വീകരിക്കുകയാണെന്ന പി. രാജുവിന്റെ പരാതിയിൽ പാർട്ടി സംസ്ഥാന കൗൺസിൽ പ്രത്യേക ഓഡിറ്ററെ ചുമതലപ്പെടുത്തി വീണ്ടും പരിശോധന നടത്തി ക്രമക്കേട് സ്ഥിരീകരിച്ചു.
കൊച്ചി: ആരെയും ഇല്ലാതാക്കാനല്ല അച്ചടക്ക നടപടി, തിരുത്തലിന് അവസരം നൽകുന്നതിനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി മുൻ ജില്ല സെക്രട്ടറി പി. രാജുവിനെ തരംതാഴ്ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജീവന് ഭീഷണിയെന്ന രാജുവിന്റെ പരാമർശത്തിൽ കഴമ്പില്ല. കമ്യൂണിസ്റ്റ് മൂല്യങ്ങളും അച്ചടക്കവും പ്രധാനമാണ്. നടപടി അംഗീകരിക്കുന്നവർക്ക് പാർട്ടിയിൽ തുടരാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.