കൊടുങ്ങല്ലൂർ: മാതാ അമൃതാനന്ദമയിയുടെ കൊല്ലം വള്ളിക്കാവിലുള്ള ആശ്രമത്തിൽ മർദനമേൽക്കുകയും പിന്നീട് മരിക്കുകയും ചെയ്ത ബിഹാർ സ്വദേശി സത്നാംസിങ്ങിെൻറ ഒാർമകൾക്ക് ആറാണ്ട്. മകന് നീതിതേടിയുള്ള പിതാവ് ഹരീന്ദർ കുമാർ സിങ്ങിെൻറ അലച്ചിലിനും അത്രതന്നെ ദൈർഘ്യം. തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലാണ് സത്നാം മരിച്ചത്.
പതിവുപോലെ മകെൻറ ചരമ വാർഷിക ദിനത്തിൽ ഇക്കുറിയും പിതാവ് കൊടുങ്ങല്ലൂരിൽ എത്തി. കൊടുങ്ങല്ലൂർ കേന്ദ്രമായ മനുഷ്യാവകാശ പ്രവർത്തകരുടെ കൂട്ടായ്മയായ സത്നാംസിങ്-നാരായണൻകുട്ടി ഡിഫൻസ് കമ്മിറ്റിയാണ് പിതാവിന് സർവ പിന്തുണയും നൽകുന്നത്. സത്നാംസിങിെൻറ മരണം സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. നേരത്തേ നിരവധി തവണ മാറ്റിവെക്കപ്പെട്ട കേസ് ഇൗയിടെയാണ് ചലിച്ചു തുടങ്ങിയത്.
ബിഹാറിലെ ഷെര്‍ഗാട്ടി നഗരപ്രദേശത്തെ ഹരീന്ദര്‍കുമാര്‍ സിങ്ങിെൻറ രണ്ടാമത്തെ മകനായ സത്നാംസിങ്ങിനെ (24) സ്വവസതിയില്‍നിന്നും 2012 മേയ് 30നാണ് കാണാതായത്. പിന്നീട് ആഗസ്റ്റ് ഒന്നിന് അമൃതാനന്ദമയി മഠത്തില്‍ അക്രമാസക്തനായതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സത്നാമിെൻറ ബന്ധുവും ആജ് തക് പത്രത്തിെൻറ ലേഖകനുമായ വിമല്‍ കിഷോര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി സത്നാമിനെ ജയിലിലേക്കും അവിടെനിന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി. ആഗസ്റ്റ് നാലിന് അവിടെവെച്ച് മരിച്ചു. അമൃതാനന്ദമയി മഠത്തിലെ സുരക്ഷാവിഭാഗം സത്നാമിനെ ക്രൂരമായി മർദിച്ചശേഷമാണ് പൊലീസിന് കൈമാറിയതെന്ന് ഡിഫൻസ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
സത്നാമിേൻറത് മാനസികാരോഗ്യ കേന്ദ്രത്തിൽ സഹതടവുകാരുമായുള്ള ‘ഏറ്റുമുട്ടല്‍ മരണമായി’ചിത്രീകരിക്കാനാണ് അധികൃതർ തുടക്കം മുതല്‍ ശ്രമിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിലെ സംഘട്ടനത്തിലാണ് സത്നാം മരണപ്പെട്ടതെന്നാണ് പൊലീസ് കേസ്. വള്ളിക്കാവിലെ അമൃതാനന്ദമയീ മഠത്തിലെ അറസ്റ്റ്, അവിടെ നടന്ന മറ്റ് സംഭവങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഡിഫൻസ് കമ്മിറ്റി ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.