മലപ്പുറം ഉപതെരഞ്ഞെടുപ്പ്​: പാര്‍ട്ടി നിലപാട്  പ്രസക്തമായി-എസ്.ഡി.പി.ഐ

കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ച നിഷ്പക്ഷ നിലപാട് പ്രസക്തമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലോ കേരളത്തിലോ പ്രസക്തമായൊരു തെരഞ്ഞെടുപ്പല്ല ഇതെന്ന പാര്‍ട്ടി നിലപാടിനെ ബി.ജെ.പിക്കും മറ്റു മുന്നണികള്‍ക്കും കിട്ടിയ വോട്ട് നില ശരിവെക്കുന്നു. വലത്, ഇടത് മുന്നണികള്‍ക്ക് ഏതാണ്ട് ഒരേ തോതിലുള്ള വോട്ട് വര്‍ധനയുണ്ടായപ്പോള്‍  ദേശീയ സാഹചര്യം അനുകൂലമായിട്ടും  ബി.ജെ.പിക്ക്  മുന്നേറ്റമുണ്ടാക്കാനായില്ലെന്നത് ശുഭകരമാണ്. മലപ്പുറം ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് മുന്നില്‍ ആര്‍.എസ്.എസിന്റെ സംഘടനാ സംവിധാനവും വര്‍ഗ്ഗീയ മനസ്സും പരാജയപ്പെട്ടു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുണ്ടായ ഭൂരിപക്ഷം ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ഏകീകരണത്തിന്റെ ഫലമാണെന്ന ഇടതുപക്ഷ ആരോപണം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.  തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബി.ജെ.പിയെ പോലും പിന്നിലാക്കി സി.പി.എം നേതാക്കള്‍ ഏറ്റുപിടിച്ച ഈ ആരോപണം ഇടത് പക്ഷ മുന്നണിയുടെ ഫാഷിസ്റ്റ് വിരുദ്ധ പ്രതിഛായയില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ്. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രതികളായ ആര്‍.എസ്.എസുകാരെ സഹായിക്കുന്ന നിലപാടെടുത്തതും , കുടുംബത്തെ സഹായിക്കണമെന്ന ആവശ്യത്തെ നിരാകരിച്ചതും വോട്ട് രാഷ്ട്രീയം മുന്നില്‍ കണ്ട് കൊണ്ടുള്ള ഇടപാടായിരുന്നോയെന്ന സംശയവും തെരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തുന്നുണ്ട്.      കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ക്രമപ്രവൃദ്ധമായ വളര്‍ച്ചയാണ് യുഡിഎഫ് വോട്ട് നിലയില്‍ കാണുന്നത്. 2009 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ കുറവ് 2014 ലെ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് കൊണ്ടാണ് എല്‍.ഡി.എഫിന് ഇത്തവണ ഒരു ലക്ഷത്തിന്റെ ലീഡ് അനുഭവപ്പെട്ടത്. ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുന്ന കുറവ് മറികടക്കുന്നതിനാണ് അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍ പ്രധാന പ്രചാരണായുധങ്ങളാക്കി മാറ്റി വര്‍ഗ്ഗീയക്കാര്‍ഡ് കളിക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ മിനക്കെട്ടത്.

 മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത എസ്. ഡി. പി. ഐ നിലപാട് ലീഗിന് ഗുണം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് കാരണം തേടേണ്ടത് സി.പിഎമ്മിന്റെ അകത്തളങ്ങളിലാണ്. സ്വന്തം വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തി ആശ്വാസം കൊള്ളുകയാണെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇടതുപക്ഷത്ത് നിന്ന് കൂടുതല്‍ അകലുന്ന സ്ഥിതിയായിരിക്കും ഫലം.ചില മത, ജാതി നേതാക്കളുടെ കാല് പിടിച്ചും മറ്റു ചിലരെ തള്ളിപ്പറഞ്ഞും കേരളത്തിലെ രണ്ട് മുന്നണികളും തുടര്‍ന്ന് വരുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കളി അപകടകരമാണ്. ബി.ജെ.പി ഭീകരതയുടെ ഇരകളായ മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ രംഗത്ത് അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തുന്നത് മതനിരപേക്ഷതയല്ലെന്നും സവര്‍ണ ജാതി ചിന്തയെ താലോലിക്കുന്നവര്‍ക്ക് ഫാഷിസ്റ്റ് പ്രതിരോധം അസാധ്യമാണെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു.


 

Tags:    
News Summary - sdpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.