എസ്.സി/എസ്.ടി ടീം രൂപവത്കരണ വിവാദം; ക്യാമ്പിന് പ്രചാരം കിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയുടെ കായികപരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ പ്രസ്തുത ക്യാമ്പിന് വലിയ പ്രചാരമാണ് നല്‍കിയതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇത്രകാലം ശ്രദ്ധ കിട്ടാതിരുന്ന ക്യാമ്പിനും പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ പ്രചാരം കിട്ടിയതില്‍ സന്തോഷമുണ്ട്. ചര്‍ച്ചയായതോടെ ക്യാമ്പില്‍ തങ്ങളുടെ കുട്ടികള്‍ക്കും കൂടി അവസരം കിട്ടിയാല്‍ നന്നായിരിക്കുമെന്ന് അറിയിച്ച് ധാരാളംപേര്‍ ഇന്നലെയും ഇന്നുമായി ബന്ധപ്പെട്ടിരുന്നെന്നും ആര്യ അറിയിച്ചു.

കഴിവുള്ള കുട്ടികളുണ്ട് നഗരത്തില്‍. അവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മികച്ച പരിശീലനം നല്‍കാനും വേദികള്‍ നല്‍കാനും കഴിയുന്ന സാഹചര്യം ഉണ്ടാകണം. വിദഗ്ധരായ പരിശീലകരുടെ സേവനം ഉറപ്പാക്കണം. അതിന് വിപുലമായ പദ്ധതി വേണമെന്നാണ് കാണുന്നത്. അതിനായുള്ള പ്രാരംഭചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നും ആര്യ അറിയിച്ചു.

മേയറു​ടെ കുറപ്പിന്റെ പൂർണരൂപം

കഴിഞ്ഞദിവസം നഗരസഭയുടെ കായികപരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ചർച്ചകൾ പ്രസ്തുത ക്യാമ്പിന് വലിയ പ്രചാരമാണ് നൽകിയത്. അതിനെ വളരെ പോസിറ്റിവ് ആയി തന്നെ നമുക്ക് കാണാം എന്നാണ് കരുതുന്നത്. അങ്ങനെയൊരു ചർച്ച ഉണ്ടായതോടെ ക്യാമ്പിൽ തങ്ങളുടെ കുട്ടികൾക്കും കൂടി അവസരം കിട്ടിയാൽ നന്നായിരിക്കും എന്നറിയിച്ച് ധാരാളം പേർ ഇന്നലെയും ഇന്നുമായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തിലൊരു ക്യാമ്പ് നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് അവരിൽ പലരും പറഞ്ഞത്. അതുകൊണ്ടാണ് തുടക്കത്തിൽ സൂചിപ്പിച്ച പോലെ ഇന്നലത്തെ ചർച്ചകളെ നമുക്ക് പോസിറ്റിവായി കാണാം എന്ന് പറഞ്ഞത്.

രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരം നഗരസഭ സംഘടിപ്പിക്കുന്ന കായിക പരിശീലനത്തിന്റെ ഒരു സെലക്ഷൻ ക്യാമ്പ് കൂടി ആഗസ്ത് 13,14 തീയതികളിൽ പൂജപ്പുര മൈതാനിയിൽ വച്ച് നടത്തും. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കൊപ്പം ഈ രണ്ടാമത്തെ സെലക്ഷൻ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ കൂടി ഉൾപ്പെടുത്തിയാകും പരിശീലന ക്യാമ്പ് നടത്തുക.


ഇത്രകാലം വേണ്ടത്ര ശ്രദ്ധകിട്ടാതിരുന്ന ഈ ക്യാമ്പിനും അനുബന്ധപ്രവർത്തനങ്ങൾക്കും ഇത്രമേൽ പ്രചാരം കിട്ടിയതിൽ വലിയ സന്തോഷമാണ് ഉള്ളത്. നഗരത്തിലെ യോഗ്യരായ മുഴുവൻ കുട്ടികൾക്കും ഒരവരസരം കൂടി നല്കാൻ കഴിയുന്നതിൽ നഗരസഭയ്ക്കും എനിക്കും അഭിമാനമുണ്ട്. നമുക്കിത് ഈ പരിശീലന ക്യാമ്പോട് കൂടി അവസാനിപ്പിക്കാൻ സാധിക്കില്ല. തുടർപ്രവർത്തനങ്ങളും ഏറ്റെടുക്കണം. നല്ല കഴിവുള്ള കുട്ടികളുണ്ട് നമ്മുടെ നഗരത്തിൽ, അവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെട്ട പരിശീലനം നൽകാനും വേദികൾ നൽകാനും കഴിയുന്ന സാഹചര്യം ഉണ്ടാകണം.

വിദഗ്ധരായ പരിശീലകരുടെ സേവനം ഉറപ്പാക്കണം. അതിന് വിപുലമായ പദ്ധതി വേണമെന്നാണ് കാണുന്നത്. അതിനായുള്ള പ്രാരംഭചർച്ചകൾ തുടങ്ങിയിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അവസരമാക്കുക എന്നതാണ് കേരളത്തിന്റെ പൊതുവായ ശീലം. അതുകൊണ്ട് വിവാദങ്ങളും പ്രതിസന്ധികളും തടസ്സമായി കാണുന്നില്ല, അവസരമായി തന്നെ നമുക്ക് കാണാം. നമുക്ക് ഒരുമിച്ച് മുന്നേറാം, നമ്മുടെ നഗരത്തിൽ നിന്നും ലോകമറിയുന്ന ഒരുപിടി കായികപ്രതിഭകളെ വാർത്തെടുക്കാനുള്ള വലിയ ലക്ഷ്യത്തിലേയ്ക്ക്.


നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം ഉണ്ടാക്കുമെന്നാണ് നേരത്തേ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിരുന്നു. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗികമായി ടീം ഉണ്ടാക്കുന്നതെന്ന് മേയർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. നഗരസഭയാണ് ഇവർക്കാവശ്യമായ പരിശീലനം നൽകുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുകയെന്നും മേയർ വ്യക്തമാക്കി.

മേയറുടെ പ്രഖ്യാപനം പുറത്തുവന്നതോടെ പദ്ധതിക്കെതിരേ വിമർശനം ഉയർന്നിരുന്നു.തീരുമാനത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് രംഗ​െത്തത്തി. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്.ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് രൂപീകരിച്ചിരിക്കുന്നത്. ഈ തരംതിരിവിലൂടെ സ്പോർട്സിനെയും എസ്.സി, എസ്.ടി ജനവിഭാ​ഗങ്ങളെയും മേയർ അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



Tags:    
News Summary - SC/ST team formation controversy; Mayor Arya Rajendran said that he is very happy that the camp has gained popularity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT