ജനസാന്ദ്രതയുള്ള പ്രദേശത്ത് ആക്രി സ്ഥാപനങ്ങൾ നടത്താമോയെന്ന് പരിശോധിക്കണം -ടി.ജെ വിനോദ് എം.എൽ.എ

കൊച്ചി: എറണാകുളത്ത് ആക്രി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ പ്രതികരിച്ച് ടി.ജെ വിനോദ് എം.എൽ.എ. ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇത്തരം സ്ഥാപനങ്ങൾ നടത്താമോയെന്ന് പരിശോധിക്കണമെന്ന് ടി.ജെ വിനോദ് ആവശ്യപ്പെട്ടു.

നഗരത്തിലുള്ള ഇത്തരം സ്ഥാപനങ്ങൾ അനുവദിക്കാൻ പാടുള്ളതല്ല. വലിയ നാശനഷ്ടമാണ് ഉണ്ടായത്. തീപിടിത്ത കാരണം പൊലീസും അഗ്നിശമനസേനയും കണ്ടെത്തേണ്ടതുണ്ടെന്നും ടി.ജെ വിനോദ് വ്യക്തമാക്കി.

അർധരാത്രി രണ്ട് മണിയോടെയാണ് എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗണിൽ രണ്ട് ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പ്ലാസ്റ്റിക് അടക്കമുള്ള ആക്രി സാധനങ്ങൾ നീക്കി തീ പൂർണമായി അണക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഗോഡൗണിന്‍റെ വാതിൽ തകർത്താണ് അഗ്നിശമനസേന ഉദ്യോഗസ്ഥർ ഉള്ളിൽ കയറിയത്.

അർധരാത്രി രണ്ട് മണിയോടെയാണ് ശിവപാർവതി എന്ന പേരിൽ പ്രവർത്തിക്കുന്ന ആക്രികടക്കാണ് തീപിടിച്ചത്. സൗത്ത് മേൽപാലത്തിൽ നിന്ന് 100 മീറ്റർ അകലെ ശിവപാർവതി ടൂറിസ്റ്റ് ഹോമിന് പിൻവശത്താണ് സംഭവം. പൊലീസ് കൺട്രോൾ റൂം വാഹനം പെട്രോളിങ് നടത്തുന്നതിനിടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിശമന സേനയെ വിവരം അറിക്കുകയായിരുന്നു.

ഗോഡൗണിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാൾ സ്വദേശികളുമായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്. കൂടാതെ, അപകടസ്ഥലത്തിന് സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കുന്നവരെ മുൻകരുതലിന്‍റെ ഭാഗമായി അധികൃതർ ഒഴിപ്പിച്ചു. പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥലത്ത് കനത്ത മഴ പെയ്യുന്നത് വലിയ ആശ്വാസമായി.

സിനിമ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രി ഗോഡൗൺ. സംഭവത്തെ കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് സൗത്ത് എ.സി.പി രാജ് കുമാറും അഗ്നിശമനസേനയും മാധ്യമങ്ങളെ അറിയിച്ചു. 

Tags:    
News Summary - Scrap Godown fire; TJ Vinod MLA responded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.