സ്കൂട്ടർ മോഷണ കേസ് പ്രതി അഭിനവ്

പൊലീസിനെ കണ്ട് ചാടിയത് ചാണകക്കുഴിയിൽ; എ​.ഐ കാമറയിൽ കുടുങ്ങിയ സ്കൂട്ടർ മോഷ്ടാവ് സിനിമാ സ്റ്റൈലിൽ പിടിയിൽ

അഞ്ചൽ: മോഷ്ടിച്ച സ്കൂട്ടറുമായി ഹെൽമറ്റ് ധരിക്കാതെ യാത്രചെയ്ത യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. ഏരൂർ പുഞ്ചിരിമുക്ക് ജയഭവനിൽ വിശ്വനാഥൻ പിള്ളയുള്ളയുടെ വീട്ട് വരാന്തയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് കടന്ന തിരുവനന്തപുരം അമ്പൂരി പന്തപ്ലാവ്മൂട്ടില്‍ തോടുമല വഴിയരികത്ത് വീട്ടില്‍ അഭിനവ് (19) ആണ് പിടിയിലായത്.

പൊലീസ് അന്വേഷണത്തിനിടെ മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത ദൃശ്യം കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളിലെ എ.ഐ കാമറ പകർത്തിയിരുന്നു. ഇതിന് പെറ്റിയടിക്കാൻ സ്കൂട്ടർ ഉടമയായ വിശ്വനാഥൻ പിള്ളയുടെ മൊബൈൽ ഫോണിൽ മെസേജുകൾ എത്തിയിരുന്നു. ഈ വിവരം വിശ്വനാഥൻ പിള്ള ഏരൂർ പൊലീസിന് നൽകി. തുടർന്നാണ് അന്വേഷണം തിരുവനന്തപുരം ജില്ലയിലേക്കും വ്യാപിപ്പിച്ചത്.

പ്രതി പന്തപ്ലാവ്മൂട്ടില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ച ഏരൂര്‍ പൊലീസ് അവിടെയെത്തി കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ഓടി ചാണകക്കുഴിയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന പൊലീസ് അഭിനവിനെ സാഹസികമായി പിടികൂടുകയായിരുന്നു. കവര്‍ച്ച ചെയ്ത സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ കവര്‍ച്ച ഉള്‍പ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അഭിനവ്. കൂടുതല്‍ ആളുകള്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന്‍, എസ്.ഐ അനു, സിവിൽ പൊലീസ് ഓഫിസർമാരായ നജീബ്, സന്തോഷ്‌കുമാര്‍, ജിജോ അലക്സ്, അസര്‍, അനീഷ്‌ മോന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - scooter thief caught in movie style

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.