‘ഒ​രു സ്കൂ​ളി​ൽ ഒ​രു യൂ​നി​ഫോം’ ഇ​ട​തു  സ​ർ​ക്കാ​റി​നും താ​ൽ​പ​ര്യ​മി​ല്ല; ബാ​ല​വ​കാ​ശ ക​മീ​ഷ​ൻ  നി​ർ​ദേ​ശം ഫ​യ​ലി​ൽ  ഉ​റ​ങ്ങു​ന്നു

തൃശൂർ: ഒരു സ്കൂളില്‍ വിവിധ ദിവസങ്ങളില്‍ വ്യത്യസ്ത യൂനിഫോം പാടില്ലെന്ന ബാലാവകാശ കമീഷെൻറ നിർദേശം ഇടതുസർക്കാറും അവഗണിക്കുന്നു.  നിർദേശത്തിൽ സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല. സംസ്ഥാനത്തെ മിക്ക പൊതുവിദ്യാലയങ്ങളിലും വിവിധ ദിവസങ്ങളില്‍ വ്യത്യസ്ത യൂനിഫോമാണ്. കഴിഞ്ഞ വേനലവധിക്കാലത്ത് ഇതു സംബന്ധിച്ച് ലഭിച്ച പരാതിയിൽ  ബാലവകാശ കമീഷന്‍ ഇടപെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം എപ്രിലിൽ ഒറ്റ യൂനിഫോം എന്ന നിർദേശം പ്രധാനാധ്യാപകർക്ക് നൽകാൻ ആവശ്യപ്പെട്ട്  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമീഷൻ നിർദേശം നൽകിയിരുന്നു. ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം അറിയിക്കണെമന്നും ആവശ്യപ്പെട്ടു. നിർദേശം നടപ്പാക്കാൻ സാവകാശം ആവശ്യപ്പെട്ട് അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ കമീഷന് കത്തെഴുതി. നിർദേശം നൽകാൻ കാലതാമസം ഉണ്ടായതിനാൽ 2016 - ‘17 അധ്യയന വർഷത്തിൽ നടപ്പാക്കാൻ പ്രയാസമുണ്ടെന്നും 2017-‘18 ൽ നടപ്പാക്കുമെന്നും വ്യക്തമാക്കി. 

എന്നാൽ ഇതുസംബന്ധിച്ച ഒരു നടപടിയും ഇടത് സർക്കാർ വന്നശേഷം ഉണ്ടായിട്ടില്ല. രക്ഷിതാക്കൾ യൂനിഫോം വാങ്ങിയ സാഹചര്യത്തിൽ ഇത്തവണയും തീരുമാനം ഉണ്ടാവാനിടയില്ല. ചില സ്കൂളുകളില്‍ ഓരോ ദിവസവും ഓരോ തരം യൂനിഫോം വേണമെന്ന് വ്യവസ്ഥ വെക്കുന്നുണ്ടെന്നും ഇത് ചെലവ് വര്‍ധിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി തൃശൂർ കുരിയച്ചിറ സ്വദേശി ജിജു ആേൻറാ താഞ്ചനാണ് പരാതി നൽകിയത്. യൂനിഫോം തെറ്റായി ധരിച്ചത് മനസ്സിലായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനായി ധിറുതിയില്‍ ബസിറങ്ങി റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ച സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാലാവകാശ കമീഷനോട് ഇതുസംബന്ധിച്ച നടപടികൾ  പരാതിക്കാരൻ തിരക്കിയപ്പോൾ തുടർ നടപടി ഉണ്ടായില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിർദേശം നൽകുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലെന്നാണ് കമീഷെൻറ നിലപാട്. അതേസമയം, ഒറ്റ യൂനിഫോം സംവിധാനം നടപ്പാക്കാത്തത് സംബന്ധിച്ച് പരാതികളുണ്ടായാൽ ഇടപെടുമെന്നും അവർ വ്യക്തമാക്കി.
 
Tags:    
News Summary - school uniform kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.