സ്കൂൾ സമയ മാറ്റം: സർക്കാറിനെതിരെ പ്രക്ഷോഭവുമായി സമസ്ത

കോഴിക്കോട്: മദ്റസ പഠനത്തെ ബാധിക്കുംവിധം നടപ്പാക്കിയ സ്കൂൾ സമയമാറ്റം പിൻവലിക്കണമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങൾ നേരിൽ കണ്ട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാത്ത മുഖ്യമന്ത്രിയുടെയും സർക്കാറിന്‍റെയും നിലപാടിനെതിരെ സമരമുഖം തീർക്കുമെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ നിലപാട് അധിക്ഷേപാർഹവും പ്രതിഷേധാർഹവുമാണ്. വ്യാഴാഴ്ച രാവിലെ 10ന് കോഴിക്കോട് ടൗൺഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. പതിറ്റാണ്ടുകളായി സമൂഹത്തിന്‍റെ ധാർമിക മൂല്യത്തിൽ മുഖ്യ പങ്കുവഹിക്കുന്ന മദ്രസ വിദ്യാഭ്യാസത്തിന് വിഘാതമാകും വിധമാണ് സ്കൂളുകളുടെ സമയമാറ്റവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. മുമ്പ് എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഇത്തരമൊരു നീക്കം നടത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. ഇപ്പോൾ ചർച്ചകളൊന്നും നടത്താതെയാണ് സമയമാറ്റം നടപ്പാക്കിയത്.

സമസ്തയുടെ കീഴിലെ 11,000ഓളം മദ്രസകളിൽ പഠിക്കുന്ന 12 ലക്ഷത്തിലധികം വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണിത്. അതുകൊണ്ട് സർക്കാർ തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ജന. സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കെ. മോയിൻകുട്ടി മാസ്റ്റർ, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, പി.കെ. ഷാഹുൽഹമീദ് മാസ്റ്റർ മേൽമുറി, കെ.എം. കുട്ടി എടക്കുളം, അഡ്വ. നാസർ കാളമ്പാറ, കെ.പി. കോയ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - School timing change: Samastha protests against the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.