സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ പണ്ഡിതർ ശ്രമിക്കരുത് -ജിഫ്രി തങ്ങൾ

പട്ടിക്കാട് (മലപ്പുറം): തർക്കങ്ങളുണ്ടാവുമ്പോൾ പല നൻമകളും തഴയപ്പെടുമെന്നും പരസ്പരം കലഹിക്കാതെ, തർക്കങ്ങളൊഴിവാക്കി മുന്നോട്ട് പോവണമെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത തുടക്കം മുതൽ പാലിക്കുന്ന രീതി എല്ലാവരും പിന്തുടരണം.

സംഘടനയിൽ ഫിത്നകൾ (കുഴപ്പങ്ങൾ) പുറപ്പെട്ട് കഴിഞ്ഞാൽ അടിച്ചമർത്താൻ വലിയ പ്രയാസമുണ്ടാവും. മാധ്യമങ്ങൾ തോന്നിയത് എഴുതും. അവർ ശ്രമിക്കുന്നത് സമുദായത്തിൽ ഭിന്നതയുണ്ടാക്കാനാണ്. അതിന് വഴിപ്പെടരുത്. ആവശ്യമായ നൻമകളുമായി സമുദായത്തെ മുന്നോട്ട് കൊണ്ടുപോവണം. വിള്ളലുണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത്. സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ, പഠനം പൂർത്തിയാക്കുന്ന പണ്ഡിതർ ശ്രമിക്കരുത്. സംഘടനകൾ തമ്മിലെ ബന്ധം ഊട്ടിയുറപ്പിക്കണം. സംഘടനയിലെ സ്ഥാനമല്ല അറിവിന്റെ മാനദണ്ഡം. വർഷം തോറും വൻതോതിൽ പണ്ഡിതർ പഠിച്ചിറങ്ങുന്നുണ്ടെങ്കിലും വേണ്ട ഗുണങ്ങളുണ്ടാവുന്നില്ല.

സംസ്കരണം ലഭിക്കാത്ത സമൂഹത്തിലേക്കാണ് തങ്ങൾ ഇറങ്ങുന്നതെന്ന ബോധ്യം പഠനം പൂർത്തിയാക്കുന്നവർക്ക് വേണം. ആത്മാർഥതയാണ് മുഖമുദ്രയാകേണ്ടത്. പരസ്പര വിദ്വേഷം ഒഴിവാക്കണം. സമസ്ത നൂറാം വാർഷികം ഹൈദരലി തങ്ങൾ 90 ാം വാർഷികത്തിൽ പ്രഖ്യാപിച്ചത് പോലെ ഫെബ്രുവരിയിൽ നടക്കും. സംഘടനക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. മഹാൻമാർ സ്ഥാപിച്ചതാണ് സമസ്ത. നേതൃത്വം നൽകുന്നവർക്ക് അതിന് സാധിക്കുന്നില്ലെങ്കിൽ സാധിക്കുന്നവരെ ആ സ്ഥാനത്ത് കൊണ്ടുവരണം.

പോറലേൽക്കുന്ന പ്രവർത്തനങ്ങൾ പാടില്ല. സ്ഥാപനങ്ങൾ നശിക്കുന്നതും തടയണം. ദീനിന്റെ അടിസ്ഥാനം തന്നെ മഹാൻമാരെ ആദരിക്കുന്നതിലാണ്. സംഘടനയെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - Scholars should not try to create division in the community -Jiffri Muthukoya Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.