സേവറി നാണു കൊലക്കേസ് പുനരന്വേഷിക്കണമെന്ന് കുടുംബം

കണ്ണൂർ: സി.പി.എം പ്രവര്‍ത്തകനായ സേവറി നാണു കൊലപ്പെട്ട കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം. കണ്ണൂരിലെ സേവറി നാണു വധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നാണുവിന്‍റെ ഭാര്യ ഭാർഗവി പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയത്.

സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്ന് ഭാർഗവി പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. നിയമനടപടി സംബന്ധിച്ച് അഭിഭാഷകനുമായി ചർച്ച ചെയ്യുമെന്നും ഭാർഗവി മീഡിയവൺ ചാനലിനോട് പറഞ്ഞു.

സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വ്യക്തമാക്കി. നാണുവിനെ കൊന്നവരെ സുധാകരന് അറിയാം. വാർത്താസമ്മേളനത്തിലെ സുധാകരന്‍റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സേവറി നാണു വധം കോൺഗ്രസിന് മേൽ കെട്ടിവെച്ചതാണെന്ന് കണ്ണൂർ മേയർ ടി.ഒ. മോഹനൻ പ്രതികരിച്ചു. വിചാരണ പൂർത്തിയായി കേസിൽ വിധി പ്രസ്താവിച്ചതാണ്. കെ. സുധാകരൻ പറഞ്ഞതിനെ പിന്തുണക്കുന്നുവെന്നും മോഹനൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

കണ്ണൂരിലെ സേവറി ഹോട്ടലിലെ ജോലിക്കാരനായിരുന്ന നാണു സി.പി.എം പ്രവര്‍ത്തകനായിരുന്നു. 1992 ജൂണ്‍ 13ന്‌ നാണുവിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തിയെന്നാണ് കേസ്.

Tags:    
News Summary - Savari Nanu murder case will re investigate said Bhargavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.