കൊച്ചി: ആദിവാസി-ദലിത് വിദ്യാർഥികളുടെ ഇ-ഗ്രാന്റുകൾ തടഞ്ഞുവെക്കുന്നതിനെതിരെ 21ന് സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹം നടത്തുമെന്ന് ആദിശക്തി സമ്മർ സ്കൂൾ. വിദ്യാർഥികൾ ധനമന്ത്രിയുടെ വസതിയിലേക്ക് വിദ്യാഭ്യാസ അവകാശ യാത്രയും നടത്തും. മന്ത്രി കെ.എൻ ബാലഗോപാലിന് നിവേദനവും സമർപ്പിക്കുമെന്ന് ആദി ശക്തി സമ്മർസ്കൂൾ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
ഈ ഗ്രന്റ് ഇനത്തിൽ വിദ്യാർഥികൾക്ക് ലഭിക്കേണ്ട തുക കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യണമെന്നും സർക്കാർ പ്രഖ്യാപിച്ച ഫ്രീഷിപ്പ് കാർഡ് വിദ്യാർത്ഥി ഇ- ഗ്രാന്റിന് അപേക്ഷിച്ചാൽ ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടാണ് സത്യാഗ്രഹം. ഇ- ഗ്രാൻസ് വർഷത്തിൽ ഒരുതവണ നൽകുമെന്ന് സർക്കാർ ഉത്തരവ് തിരുത്തണം. ഈ ഗ്രാൻസിൽ വിദ്യാർഥികൾക്ക് വ്യക്തിഗതമായി ഉപയോഗിക്കേണ്ട മാസങ്ങളിലും വിദ്യാഭ്യാസ വാർഷികാരംഭത്തിനു നൽകണം.
ഇ-ഗ്രാൻഡ് വർഷാരംഭത്തിലും പോക്കറ്റ് മണി, ഹോസ്റ്റൽ അലവൻസ് എന്നിവ മാസത്തിൽ നൽകണം. .... സർക്കാർ, യു.ജി.സി അംഗീകൃത കോഴ്സുകൾ പൂർണമായും ഇ- ഗ്രാൻഡ് പരിധിയിൽ കൊണ്ടുവരണം. സ്വയംഭരണ കോളജുകളും പ്രഫഷണൽ കോഴ്സുകളും പ്രത്യേകമായി ആവശ്യപ്പെടുന്ന ഫീസുകൾ പരിശോധിച്ച് നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പി.എച്ച്.ഡി, എം.ഫിൽ ഗവേഷക വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ അതത് മാസങ്ങളിൽ നൽകണം. കുടിശിയെ കൊടുത്തു തീർക്കണം. വിതരണത്തിന് കേന്ദ്രീകൃത സെൽ രൂപീകരിക്കണം. ഹോസ്റ്റൽ അലവൻസ് കാലോചിതവും മനുഷ്യത്വപരവുമായി വർധിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യണം. ഈ മേഖലയിൽ നിലനിൽക്കുന്ന ജാതീയ-വംശീയ വിവേചനം അവസാനിപ്പിക്കണം. ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന തുകകൊണ്ട് ജീവിച്ചാൽ മതി എന്ന നയമാണ് നിലവിലുള്ളത്. അത് തിരുത്തണം.
സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ നിലവിൽ എസ്.സി-എസ്.ടി വിദ്യാർഥികൾക്ക് ഹോസ്റ്റൽ അലവൻസുകൾ 3,500 രൂപ നിരക്കിലും പ്രഫഷണൽ വിദ്യാർഥികൾക്ക് 4,500 രൂപ നിരക്കിലുമാണ് നൽകുന്നത്. സ്വകാര്യ അക്കോമഡേഷൻ ഉപയോഗപ്പെടുത്തുന്ന എസ്.സി വിദ്യാർഥികൾക്ക് 1,500 രൂപയും ആദിവാസി വിഭാഗത്തിന് 3,000 രൂപയുമാണ് പ്രതിഭാസം നൽകുന്നത്. ഒരു ദശകം മുൻപ് എൻജിനീയറിങ് വിദ്യാർഥിയായിരുന്ന രജനി എസ്. ആനന്ദ് ആത്മഹൂതി ചെയ്തപ്പോഴാണ് 1,000 രൂപയിൽ നിന്നും 1,500 രൂപയായി ഉയർത്തിയത്.
ഇന്ന് നഗരങ്ങളിൽ താമസിക്കുന്ന ഏതൊരു വിദ്യാർഥിക്കും താമസം, വാടക എന്നിവക്ക് 6,000 രൂപയെങ്കിലും ചെലവ് വരുന്നു. പ്രതിമാസം നിശ്ചയിക്കുന്ന തുച്ഛമായ തുക കൃത്യമായി ലഭിക്കാത്തതിനാൽ പ്രൈവറ്റ് അക്കോമഡേഷൻ എടുക്കുന്ന നിരവധി വിദ്യാർഥികൾ പഠനം അവസാനിപ്പിക്കുകയാണ്. സെൽഫ് ഫിനാൻസിങ് കോളജുകളിലെ ഹോസ്റ്റലുകളിൽ 90 ശതമാനത്തിലും എസ്.സി - എസ്.ടി വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നില്ല.
6500 -7000 രൂപയായി വർധിപ്പിക്കണമെന്ന് എസ്.സി-എസ്.ടി വകുപ്പുകൾ ധനകാര്യ വകുപ്പിന് മുന്നിൽ നിർദേശം സമർപ്പിച്ചിരുന്നു. യഥാർഥ ബോർഡിങ് ലോഡ്ജിങ് ചെലവ് ( എ.ബി.എൽ.സി) നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ ധനവകുപ്പ് തയാറായില്ല. ഇപ്പോൾ പരിമിതമായ പോസ്റ്റുമെട്രിക് സ്കോളർഷിപ്പുകളും ഹോസ്റ്റൽ അലവൻസ് ഇനത്തിൽ നിന്നും നൽകുന്ന തുകകളും കാലതാമസം വരുത്തി മാത്രമേ ട്രഷറിയിൽ നിന്നും നൽകുന്നുള്ളൂ.
സ്വന്തം ജില്ലവിട്ട് യു.ജി-പി.ജി കോഴ്സുകൾക്കും ബി.എഡ്, എം.എസ്.ഡബ്ലിയു തുടങ്ങിയ കോഴ്സുകൾക്കും പ്രവേശനം നേടുമ്പോൾ പ്രാരംഭ ചെലവിന് ഗ്രാൻഡ് നൽകണമെന്ന് ഏതാനും വർഷമായി ആവശ്യപ്പെട്ടു. അപേക്ഷ ഖീസിനും പ്രവേശന സമയത്തെ ഓഫീസുകളും ഒഴിവാക്കണമെന്നതും ദീർഘകാലമായി ആവശ്യപ്പെട്ടതാണ്. ഇപ്പോൾ നടക്കുന്ന സെൻട്രലൈസ്ഡ് പ്രവേശന നടപടികളുടെയും ഓൺലൈൻ പെയ്മെൻറ് നടപടികളുടെയും കാലഘട്ടത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മേൽ വലിയ സമ്മർദം വരുന്നുണ്ട്.
അതിനാൽ അഡ്മിഷന് സാമ്പത്തിക സഹായം നൽകുന്ന ഒരു സിസ്റ്റം നടപ്പിലാക്കണം. എല്ലാ ജില്ലകളിലും കൂടുതൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ തുടങ്ങണം. പട്ടികവർഗ വകുപ്പ് പ്രത്യേകം ഹോസ്റ്റലുകൾ ആരംഭിക്കണം. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ ഇല്ലാത്ത സാഹചര്യത്തിൽ പ്രൈവറ്റ് അക്കോമഡേഷൻ എടുക്കുന്ന വിദ്യാർഥികൾക്ക് എ.ബി. എൽ.സി. തുക നൽകാൻ നടപടി ഉണ്ടാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.