നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരം -മന്ത്രി ശൈലജ

പത്തനംതിട്ട: കോവിഡ് 19 രോഗം ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ക ഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കലക്ടറേറ്റില്‍ ചേര്‍ന്ന അടി യന്തര യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുയോഗങ്ങളും പൊതുപരിപ ാടികളും ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കണം. വിനോദയാത്രകള്‍ അനുവദിക്കില്ല. പൊതുപരിപാടികള്‍ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേര്‍ക്കണം.

ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. 10 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ എസൊലേഷനിലുള്ളത്. ഇതില്‍ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. രോഗബാധിതരുമായി പ്രാഥമിക സമ്പര്‍ക്കമുള്ള 150 പേരുണ്ട്. 58 പേര്‍ രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ്. 159 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകള്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം. താഴെത്തട്ടില്‍ ബോധവത്ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യണം. മാസ്‌ക്, പി.പി.ഇ കിറ്റ്, സാനിറ്റൈസര്‍ തുടങ്ങിയവയ്ക്ക് കുറവു വരാതെ സംഭരണം ഉറപ്പാക്കണം. എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. നേരിട്ട് ഇടപഴകുന്നവര്‍, ആശുപത്രി ജീവനക്കാര്‍, രോഗികളെ പരിചരിക്കുന്നവര്‍ എന്നിവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും.

മാസ്‌കിന് മെഡിക്കല്‍ സ്റ്റോറുകളില്‍ അമിത വില ഈടാക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണം. ജില്ലയിലെ അടഞ്ഞു കിടക്കുന്ന ആശുപത്രികള്‍ മുന്‍കരുതലെന്ന നിലയില്‍ രോഗബാധിതരെ പാര്‍പ്പിക്കുന്നതിന് എം.പി, എം.എൽ.എമാരുടെ ഇടപെടലിലൂടെ ക്രമീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ 30ഉം സ്വകാര്യ ആശുപത്രികളിലെ 40ഉം അടക്കം 70 കിടക്കകള്‍ ഐസൊലേഷനായി ക്രമീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലായി 40 വെന്‍റിലേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

മരുന്നില്ലാത്തതിനാല്‍ പൂര്‍ണ വിശ്രമമാണ് കോവിഡ് 19നുള്ള പ്രതിവിധി. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    
News Summary - satisfying health condition of patience in observation -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.