ദയാബായി ഫൗണ്ടേഷൻ രൂപവത്കരണ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദയാബായിക്കൊപ്പം
തിരുവനന്തപുരം: എൻഡോസൾഫാൻ വിഷയത്തിൽ താൻ നൽകിയ വാക്ക് നൂറുശതമാനവും പാലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു കുട്ടിക്കും ചികിത്സകിട്ടാത്ത അവസ്ഥ വരില്ല. പലതവണ അവിടെ പോവുകയും കുട്ടികളുടെ അവസ്ഥ നേരിട്ടറിയുകയും ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദയാബായി ഫൗണ്ടേഷൻ രൂപവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദയാബായി തനിക്ക് മാതൃസ്ഥാനത്താണ്. അവരുടെ ചിരിയിലാണ് താൻ വീണത്. തന്‍റെ ചിരിയാണ് മനോഹരമെന്നാണ് കരുതിയിരുന്നത്. ദയാബായിയെ കണ്ടപ്പോൾ ആ ധാരണ മാറി. വയ്യാതെ കിടന്നപ്പോൾ വാ, താൻ അമ്മയെപ്പോലെ നോക്കിക്കോളാമെന്ന് പറഞ്ഞ് പലതവണ ദയാബായിയെ വിളിച്ചതാണ്. വന്നാൽ തന്‍റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് കണ്ടാൽ ഉടൻ സെക്രട്ടേറിയറ്റിനുമുന്നിൽ പോയി സമരം കിടക്കുമെന്ന് അറിയാം.
ഫൗണ്ടേഷന്‍റെ ഏതാവശ്യങ്ങൾക്കും കൂടെയുണ്ടാകും. തിരുവനന്തപുരത്തോ കാസർകോട്ടോ എവിടെയാണ് ഓഫിസ് തുറക്കേണ്ടത് എന്നുപറഞ്ഞാൽ മതി. എല്ലാ സഹായവും ചെയ്തുതരും. തിരുവനന്തപുരത്താണെങ്കിൽ തനിക്ക് ഇടക്കിടെ ദയാബായിയെ കാണാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. ലോഗോ പ്രകാശനം മുഖ്യമന്ത്രിയും മന്ത്രി അനൂപ് ജേക്കബും ചേർന്ന് നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർപേഴ്സൻ പ്രീതി, അംഗം വരുൺ, സംവിധായകനും കാമറാമാനുമായ വിപിൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: ദയാബായിയുടെ ജീവിതം ആസ്പദമാക്കിയ ബോളിവുഡ് ചിത്രം ‘ദയാബായ്’ കാണാൻ ഇരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. പ്രളയസമയത്ത് മുഖ്യമന്ത്രി സിനിമ കണ്ട് രസിച്ചെന്നാവും ഇനി നാളെ പറയുക. അങ്ങനെ പറഞ്ഞാലും തനിക്കൊന്നുമില്ല. സിനിമ അടുത്തദിവസം മുഴുവനായി കണ്ടുകൊള്ളാമെന്നും മുഖ്യമന്ത്രി ദയാബായിയോട് പറഞ്ഞു. ഫൗണ്ടേഷൻ അംഗം വരുൺ സംവിധാനം ചെയ്ത സിനിമ ഉദ്ഘാടനശേഷം തിയറ്ററിൽ പ്രദർശിപ്പിച്ചു.
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളായ തന്‍റെ മക്കൾക്കുവേണ്ടി എയിംസ് കാസർകോട്ട് സ്ഥാപിക്കണമെന്ന് സാമൂഹിക പ്രവർത്തക ദയാബായി. എയിംസിലാണ് എൻഡോസൾഫാൻ ഇരകൾക്ക് വിദഗ്ധ ചികിത്സ നൽകാനാവുന്നത്. ഇപ്പോൾ മംഗലാപുരത്ത് ചികിത്സയുടെ പേരിൽ അവരെ കൊള്ളയടിക്കുകയാണ്. വായടക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയാത്ത തരം വൈകല്യമുള്ളവരാണ് കുട്ടികളെന്നും അവർക്കുവേണ്ടി ഇതെങ്കിലും നടപ്പാക്കണമെന്നും ദയാബായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.