പരോക്ഷ മറുപടികളിലൂടെ വികസിച്ച് തരൂർ തർക്കം; പ്രതിപക്ഷ നേതാവിന് മൗനം


തിരുവനന്തപുരം: ശശി തരൂരിന്‍റെ കേരള പര്യടനത്തെ ചുറ്റിപ്പറ്റി സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത തർക്കം മാറ്റമില്ലാതെ തുടരുന്നു. കെ.പി.സി.സിയുടെ വിലക്കുണ്ടെങ്കിലും വിമർശനങ്ങൾക്ക് പരോക്ഷ മറുപടി നൽകിയാണ് ഇരുപക്ഷവും നീങ്ങുന്നത്. അതേസമയം, തുടക്കത്തിൽ തരൂരിന്‍റെ നീക്കത്തെ പരസ്യമായി വിമർശിച്ച പ്രതിപക്ഷ നേതാവ് വിവാദത്തിലെ അപകടം തിരിച്ചറിഞ്ഞതോടെ മൗനത്തിലായി. സ്വന്തം ലോക്സഭ മണ്ഡലത്തിൽ കാണാനില്ലെന്ന എതിരാളികളുടെ ആക്ഷേപത്തിന് കോർപറേഷൻ സമരത്തിൽ സാന്നിധ്യമറിയിച്ച് തരൂർ മറുപടി നൽകി. വിവാദം വീണുകിട്ടിയ ആയുധമാക്കി സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ തരൂർ, മലബാർ പര്യടനത്തിനുശേഷം വ്യാഴാഴ്ച തലസ്ഥാനത്ത് സാന്നിധ്യമറിയിച്ചു. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും അക്കാര്യം ചിലർ മറന്നെന്നും എതിരാളികളെ ഉന്നമിട്ട് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത് മുതൽ ഉടലെടുത്ത അകലം തൽക്കാലത്തേക്കെങ്കിലും മറന്ന് പുതിയ വിവാദത്തിൽ സതീശനെ പിന്തുണക്കാനും ചെന്നിത്തല തയാറായി. സതീശന്‍റെ ബലൂണ്‍ പരാമര്‍ശം തരൂരിന് എതിരായി പറഞ്ഞതാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ചെന്നിത്തലയുടെ വാദം. അതേസമയം, തരൂരിന്‍റെ നീക്കത്തിനെതിരെ തുടക്കത്തിൽ പരസ്യവിമർശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രണ്ടുദിവസമായി മൗനത്തിലാണ്. തരൂരിന് അമിത പ്രാധാന്യം ലഭിക്കാൻ വിവാദം കാരണമായെന്ന വിലയിരുത്തലിന്‍റെകൂടി അടിസ്ഥാനത്തിലാണ് സതീശന്‍റെ മൗനമെന്ന് കരുതപ്പെടുന്നു.

എതിർപ്പുമായി നേതാക്കൾ രംഗത്തുവന്നത് അദ്ദേഹത്തിന്‍റെ പരിപാടികളുടെ പ്രാമുഖ്യം വർധിപ്പിച്ചു.

തരൂരിന്‍റെ നീക്കം വിഭാഗീയമെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചപ്പോഴും അതിനോട് യോജിക്കാതിരുന്ന കോൺഗ്രസ് ഹൈകമാൻഡ് നിലപാട് തരൂർ അനുകൂലികൾക്ക് കരുത്തുപകർന്നിട്ടുണ്ട്.

Tags:    
News Summary - sasi tharoor issue in congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.