ശരീഅത്തില്‍ ഭേദഗതി അനുവദിക്കില്ല –കാന്തപുരം

കൊച്ചി: ഇസ്ലാമിക ശരീഅത്ത് സാര്‍വകാലികവും പ്രായോഗികവുമാണെന്നും അതില്‍ ഭേദഗതി അനുവദിക്കില്ളെന്നും അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അല്ലാഹുവിന്‍െറ നിയമമായ ശരീഅത്ത് സര്‍വേയിലൂടെയോ നിയമനിര്‍മാണത്തിലൂടെയോ മാറ്റാന്‍ കഴിയുന്നതല്ല.  സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ശരീഅത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സ്ത്രീകള്‍ക്ക് മതിയായ സ്വാതന്ത്ര്യം അനുവദിക്കുന്ന മതമാണ് ഇസ്ലാം. വ്യഭിചാരിയും മദ്യപാനിയുമൊക്കെയായ ഭര്‍ത്താവിനെ സ്വമേധയാ സ്ത്രീക്ക് ഒഴിവാക്കാന്‍ അനുവാദം നല്‍കുന്ന രീതിയാണ് ഖുല്‍അ്. ആരോപണം ശരിയാണെന്ന് ഖാദിമാര്‍ പരിശോധിച്ച് ഉറപ്പാക്കിയാല്‍ മതി. ഭര്‍ത്താവിനെക്കൊണ്ട് പൊറുതിമുട്ടുന്ന പ്രതിസന്ധിഘട്ടത്തില്‍ തലാഖിനുവേണ്ടി അവള്‍ക്ക് ഭര്‍ത്താവിനോട് ആവശ്യപ്പെടാം. തലാഖ് സ്ത്രീസ്വാതന്ത്ര്യത്തിന്‍െറ ഭാഗം കൂടിയാണ്.

അതേസമയം, അല്ലാഹു അങ്ങേയറ്റം വെറുക്കുന്ന സംഗതിയുമാണത്. ദാരിദ്ര്യനിര്‍മാര്‍ജനം, മദ്യപാനമുക്തമാക്കല്‍, പട്ടിണിമരണമില്ലാതാക്കല്‍, തൊഴില്‍ ഉറപ്പാക്കല്‍ തുടങ്ങിയവ ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ആദ്യം നടപ്പാക്കട്ടെ. സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങളും ഭരണഘടനയില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് എണ്ണത്തില്‍ കുറവായ മുസ്ലിം സ്ത്രീയുടെപേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ക്ക് അവരുടെ നന്മയല്ല മറ്റന്തൊക്കെയോ ആണ് ലക്ഷ്യമെന്ന് ഉറപ്പാണ്. രാജ്യത്ത് കുഴപ്പം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. ഏക സിവില്‍ കോഡും മുത്തലാഖും പറഞ്ഞ് ശരീഅത്തിനെ പരിഹസിക്കുന്നവര്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, എ.പി. മുഹമ്മദ് മുസ്ലിയാര്‍, പേരോട് അബ്ദുഹ്മാന്‍ സഖാഫി, അബുല്‍ ബുഷ്റ മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), ബഷീര്‍ വഹബി (സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ), ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എ.കെ. ഇസ്മായില്‍ വഫ, പ്രഫ. കെ.എം.എ റഹീം, എന്‍. അലി അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - sariyath - karnthapuram abubucker musliyar-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.