പാലക്കാട്: ആട്ടയാമ്പതി ന്യൂ ഉന്നതി സ്വദേശി സരസാളിനെ (66) കൊലപ്പെടുത്താൻ പ്രതി ഉദയകുമാർ നടത്തിയ നീക്കങ്ങൾ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. ഒറ്റക്ക് താമസിക്കുന്ന സരസാളിനെ കാണാനില്ലെന്ന് കഴിഞ്ഞ മാസം 12നാണ് മകൾ ബേബി കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
തമിഴ്നാട്ടിൽ താമസിച്ച് ജോലിക്കുപോയിരുന്ന ഉദയകുമാർ ഇടക്ക് മാത്രമാണ് ആട്ടയാമ്പതിയിലെ വീട്ടിൽ വന്നിരുന്നത്. സരസാൾ താമസിക്കുന്ന വീടിന്റെ സമീപത്താണ് ഉദയകുമാറിന്റെ വീട്. തൊട്ടടുത്തായി മറ്റു വീടുകളുണ്ടെങ്കിലും മിക്കവരും പണിക്ക് പോകുന്നതിനാൽ പകൽ ഈ ഭാഗത്ത് ആരുമുണ്ടാകില്ല. സരസാളിന്റെ മൂക്കിന്റെ ഇരുവശത്തുമായി ഉണ്ടായിരുന്ന അരപ്പവനോളം വരുന്ന മൂക്കുത്തി പ്രതി നേരത്തേ നോക്കിവച്ചിരുന്നു.
സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഉദയകുമാറിന്റെ സഹോദരൻ ഒരു പെൺകുട്ടിയെയും കൂട്ടി വീട്ടിലെത്തിയിരുന്നതായി പറയപ്പെടുന്നു. പെൺകുട്ടിക്ക് സരസാൾ സാരി നൽകിയിരുന്നു. സാരിയുടെ പണം ചോദിക്കാനാണ് സരസാൾ ഉദയകുമാറിന്റെ വീട്ടിലെത്തിയതെന്നും വീടിന്റെ സ്റ്റെപ്പിൽ ഇരിക്കുകയായിരുന്ന സരസാളിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം അടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നും തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതി പൊലീസിനോടു പറഞ്ഞത്.
കഴിഞ്ഞ മാസം 10ന് രാവിലെ 11നായിരുന്നു സംഭവം നടന്നത്. വെട്ടുകത്തിയുടെ മൂർച്ചയില്ലാത്ത ഭാഗം ഉപയോഗിച്ച് കഴുത്തിന് പിറകിൽ പലതവണ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂക്കുത്തികളും മടിയിലുണ്ടായിരുന്ന തുകയും എടുത്ത ശേഷം വീടിന് മുന്നിലുണ്ടായിരുന്ന കുളിമുറിയിലെ ഡ്രമ്മിൽ ഇട്ട് മൃതദേഹം കത്തിക്കുകയും പകുതി കത്തിയ തലയോട്ടി ഉൾപ്പെടെയുള്ള ശരീരാവശിഷ്ടങ്ങൾ ചാക്കിൽ കെട്ടി വീടിന്റെ പിറകുവശത്ത് കുഴിച്ചുമൂടുകയായിരുന്നു.
കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും കുളിമുറിയിൽ നിന്ന് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള മൃതദേഹ ഭാഗങ്ങൾ വീടിന്റെ പിന്നിൽ കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം ഡി.എൻ.എ പരിശോധന നടത്തും. കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന കാര്യം കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.