തൃശൂർ: ക്ഷേത്രങ്ങളിലെ കോടതി ഇടപെടലിനെതിരേ രൂക്ഷ വിമർശനവുമായി ദേവശ്വം മന്ത്രി കെ. മുരളീധരൻ രംഗത്ത്. "നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. എല്ലാത്തിനും കോടതിയുടെ ഇടപെടൽ ഉണ്ട്. ഇവിടെ ഒരു വിവാദം ഉണ്ടാക്കുന്നില്ല, പക്ഷേ എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജനങ്ങൾക്ക് എന്തെങ്കിലും റോളുകൾ ഉണ്ടോ?
ശബരിമലയിൽ ദേവസ്വത്തിന് റോളില്ല. സർക്കാരിനും റോളില്ല. ഹൈക്കോടതിയാണ് അവിടെ ഏതു പൂവ് ഉപയോഗിക്കണം എന്ന് പറയുന്നത്. എങ്ങനെ വരി നിൽക്കണം എന്ന് പറയുന്നത്. ശരിക്ക് പറഞ്ഞാൽ ഇതിന്റെ മേൽനോട്ട അവകാശം മാത്രമേ കോടതിക്കുള്ളൂ. ഓഡിറ്റ് നടത്താനുള്ള അവകാശവും കോടതിക്കാണ്" — കെ. മുരളീധരൻ പറഞ്ഞു.
ക്ഷേത്രങ്ങളുടെ കാര്യത്തിൽ അമിതമായ ഇടപെടൽ വേണോ എന്ന് ചിന്തിക്കേണ്ട സമയമാണ്. അത് ഞാൻ നിയമസഭയിൽ തുടങ്ങിവെച്ചിട്ടുണ്ട്. അവിടെ ആകുമ്പോൾ ആരെയും ഭയക്കേണ്ടതില്ലല്ലോ. പുറത്തു പറയുമ്പോഴാണല്ലോ കോടതി അലക്ഷ്യം വരിക എന്നും മുരളീധരൻ ചോദിച്ചു. വടക്കുംനാഥ ക്ഷേത്ര നഗരിയിൽ ഒരു പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർക്കാരിന്റെ അവകാശങ്ങൾ സർക്കാരിനുള്ളതാണ്. തെറ്റുകൾ കണ്ടാൽ കോടതിക്ക് ചൂണ്ടിക്കാണിക്കാം. തിരുത്താം. പക്ഷേ എല്ലാ കാര്യത്തിലും കോടതി നിയന്ത്രണം ശരിയല്ല എന്നും മന്ത്രി പിന്നീട് വിശദീകരിച്ചു. ശബരിമലയുടെ കാര്യത്തിൽ എല്ലാം ഹൈക്കോടതിയുടെ പൂർണ നിയന്ത്രണത്തിലാണ്. സ്വർണക്കൊള്ളയിൽ എസ്.ഐ.ടി. അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവരുന്നില്ല. സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഈ പോക്ക് പോയാൽ കേസ് അന്വേഷണം സമീപകാലത്തൊന്നും തീരുന്ന ലക്ഷണമില്ല എന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.