അങ്കമാലി കറുകുറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവുമായി പിടിയിലായ ഒഡിഷ സ്വദേശികൾ
അങ്കമാലി: കറുകുറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഞായറാഴ്ച രാവിലെ 110 കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി.
ലക്ഷ്മൺ പത്ര, ബലഭദ്ര, താരേശ്വർ പത്ര, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. ഏകദേശം 30 കോടിയിലധികം വില വരുന്ന ലഹരിപദാർഥങ്ങൾ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ അങ്കമാലി റെയിൽവേ സ്റ്റേഷന് രണ്ട് കിലോമീറ്റർ മുമ്പുള്ള കറുകുറ്റി സ്റ്റേഷനിൽ അന്തർസംസ്ഥാന തൊഴിലാളികളായ നാല് പേർ ഭാരമുള്ള ബാഗുകളുമായി പോകുന്നത് കണ്ട് സംശയം തോന്നിയ
യാത്രക്കാർ അറിയിച്ച പ്രകാരമാണ് അങ്കമാലി എക്സൈസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗുകളിൽ പ്രത്യേകം പൊതിഞ്ഞ് സുരക്ഷിതമാക്കി സൂക്ഷിച്ചിരുന്ന 110 കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന് ഏകദേശം 30 കോടിയിലധികം വില വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
'ഓപറേഷൻ തൂഫാൻ' ഊർജിതമാക്കിയതോടെ ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകളിലും, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകളിലും ദേശീയപാതയിലും സമാന്തരപാതകളിലും മറ്റും പൊലീസും എക്സൈസും രഹസ്യാന്വേഷണ സംഘവുമടക്കം കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് സംബന്ധിച്ച് നിരീക്ഷണവും, പരിശോധനയും ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് ചാലക്കുടിക്കും അങ്കമാലിക്കും ഇടയിലുള്ള കറുകുറ്റി റെയിൽവേ സ്റ്റേഷൻ വഴി കഞ്ചാവ് കടത്താൻ ശ്രമം നടത്തിയത്. എട്ട് ബാഗുകളിലായി ഒഡിഷയിൽ നിന്ന് അതീവ രഹസ്യമായി കടത്തിയ കഞ്ചാവ് ആദ്യം പാലക്കാട് എത്തിച്ചു.
അവിടെ നിന്ന് ആർക്കും സംശയം തോന്നാതിരിക്കാൻ പാസഞ്ചർ ട്രെയിനിലാണ് സംഘം കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. എറണാകുളം-തൃശൂർ ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിൽ ഓപറേഷൻ തൂഫാൻ ശക്തമാക്കിയ വിവരം സംഘത്തിന് അറിയാമായിരുന്നു. കറുകുറ്റി അധികം തിരക്കില്ലാത്ത റെയിൽവേ സ്റ്റേഷനായതിനാൽ പൊലീസിന്റെയോ എക്സൈസിന്റെയോ പരിശോധനയുണ്ടാകില്ലെന്ന ഉറപ്പിലാണ് ഇവിടെ ഇറങ്ങിയതത്രെ.
ഓപറേഷൻ തൂഫാന്‍റെ ഭാഗമായി കറുകുറ്റി അടക്കമുള്ള ലോക്കൽ സ്റ്റേഷനുകളിലും പരിസരങ്ങളിലും പൊതുജന പങ്കാളിത്വത്തോടെയും അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിടികൂടിയ കഞ്ചാവ് കേരളത്തിലെത്തിക്കാൻ സംഘത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെ സംബന്ധിച്ചും സഹായം നൽകിയവരെ സംബന്ധിച്ചും കേരളത്തിൽ എപ്പോഴെത്തി, എവിടെയെല്ലാം താമസിച്ചു, ഇതിന് മുമ്പ് കഞ്ചാവ് കടത്തിയിട്ടുണ്ടോ തുടങ്ങിയവയെല്ലാം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.