ന്യൂഡൽഹി: ആർ.എസ്.എസുകാരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് വിഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കിയ അനന്തു അജിയുടെ മരണത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ എം.പി പി.സന്തോഷ് കുമാർ ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യത്തിന് കത്ത് അയച്ചു.
ജീവനൊടുക്കുന്നതിന് മുമ്പ് നടത്തിയ സമൂഹമാധ്യമ പോസ്റ്റിൽ അനന്തു അജി ചില ആർ.എസ്.എസ് പ്രവർത്തകരുടെ പേരും വെളിപ്പെടുത്തിയിരുന്നു. ക്യാമ്പുകളിൽ ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തിന് വിധേയമാകേണ്ടി വന്നുവെന്നാണ് വെളിപ്പെടുത്തൽ. ഈ സംഭവം കേവലം ഒരു വ്യക്തിക്ക് നേരിട്ട ഒറ്റപ്പെട്ട അനുഭവമല്ലെന്നും, സംഘത്തിന്റെ ചില വിഭാഗങ്ങൾക്കിടയിൽ ലൈംഗിക ചൂഷണം വ്യാപകമായും സംഘടിതമായും നടക്കുന്നുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നതെന്നും എം.പി അയച്ച കത്തിൽ പറയുന്നു. അനന്തു അജിയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് അടിയന്തരവും, സ്വതന്ത്രവും, സുതാര്യവുമായ അന്വേഷണം കമീഷന്‍റെ മേൽനോട്ടത്തിൽ നടത്തണമെന്നും കത്തിൽ എം.പി ആവശ്യപ്പെട്ടു.
നിഷ്‍പക്ഷമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവൽക്കരിക്കുകയോ, ബന്ധപ്പെട്ട ഏജൻസിക്ക് നിർദേശം നൽകുകയോ വേണം. പോസ്റ്റിൽ പേര് പറഞ്ഞിട്ടുള്ള എല്ലാവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. അതിക്രമത്തിന് ഇരയായിട്ടുള്ളവർ ഇനിയും മുന്നോട്ട് വന്നാൽ അവർക്ക് മതിയായ സംരക്ഷണവും മാനസികമായ പിന്തുണയും നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.