'പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം'; കേരള സർവകലാശാല സംസ്‌കൃതം മേധാവി അപമാനിച്ചുവെന്ന് പരാതി

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി. സംസ്‌കൃതം വകുപ്പ് മേധാവി സി.എന്‍ വിജയകുമാരിക്കെതിരെയാണ് പി.എച്ച്.ഡി വിദ്യാർഥിയായ വിപിന്‍ വിജയൻ പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ വൈസ്ചാന്‍സലര്‍ക്കും കഴക്കൂട്ടം എ.സി.പിക്കും പരാതി നല്‍കി.

തനിക്ക് പി.എച്ച്.ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തി. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് അപമാനിച്ചു എന്നുമാണ് വിദ്യാര്‍ഥിയുടെ ആരോപണം. എം.ഫിലില്‍ വിദ്യാര്‍ഥിയുടെ ഗൈഡായിരുന്നു സി.എന്‍ വിജയകുമാരി. ഇവര്‍ പിന്നീട് തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലക്ക് നല്‍കിയെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു.

'എനിക്ക് പി.എച്ച്.ഡി ലഭിക്കുന്നത് കാണണമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തി. സുഹൃത്തുക്കള്‍ക്ക് മുന്നില്‍വെച്ച് മാനസികമായി നാണം കെടുത്തി. ഓപ്പണ്‍ ഡിഫന്‍സില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. എം.ഫില്‍ പഠിക്കുമ്പോള്‍ തന്നെ പട്ടിക ജാതിയില്‍പ്പെട്ടയാളെന്ന വേര്‍തിരിവ് കാണിച്ചിരുന്നു. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് അധിക്ഷേപിച്ചു. താഴ്ന്ന ജാതിക്കാര്‍ സംസ്‌കൃതം വകുപ്പിനെ അശുദ്ധമാക്കിയെന്ന് പറഞ്ഞു. മറ്റ് പല കുട്ടികള്‍ക്കും ഇതേ അനുഭവം ഉണ്ടായി. പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ടി എല്ലാം കണ്ടില്ലെന്ന് നടിച്ചു. എതിര്‍ത്താല്‍ ഒന്നുമില്ലാത്ത അവസ്ഥയിലാകും. പി.എച്ച്.ഡി നല്‍കില്ല, അര്‍ഹതയില്ലെന്ന് പറഞ്ഞു. മാനസികമായി തളര്‍ന്നു. നിയമപരമായി മുന്നോട്ട് പോകും', വിപിന്‍ വിജയന്‍ പറഞ്ഞു.

എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് അധ്യാപികയുടെ വാദം. അക്കാദമികമായ കാര്യം മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്ന് അവർ പറഞ്ഞു. വിദ്യാര്‍ഥിക്ക് സംസ്‌കൃതം അറിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത് വൈസ് ചാന്‍സലര്‍ക്ക് മാത്രമാണ്. ഡീനെന്ന നിലയില്‍ ആണ് പ്രവര്‍ത്തിച്ചത്. ഡീന്‍ എന്ന നിലയില്‍ എടുത്ത തീരുമാനം തെറ്റാണെന്ന് സര്‍വകലാശാല പറഞ്ഞാല്‍ അത് അംഗീകരിക്കും. ഞാന്‍ പൂണൂലിട്ട വര്‍ഗത്തില്‍പ്പെട്ടത് ആഗ്രഹിച്ചത് കൊണ്ടല്ല, ജാതിയധിക്ഷേപ പരാതിയില്‍ ഒന്നും പറയാനില്ലെന്നും സി.എന്‍ വിജയകുമാരി വ്യക്തമാക്കി.

പി.എച്ച്.ഡി വിവാദം സര്‍വകലാശാലയുടെ പരിഗണനയിലാണ്. അതിനാൽ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ സര്‍വകലാശാലയുടെ അനുമതി വേണം. മറ്റ് വിവാദങ്ങള്‍ കാലം തെളിയിക്കുമെന്നും സി.എന്‍ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags:    
News Summary - 'Sanskrit is not for the Pulayans and Parayans to learn'; Complaint alleges insult by Kerala University Sanskrit head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.