തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിന്റെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്. മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകി.
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമം കത്തിയത്. കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അന്വേഷണസംഘം ശേഖരിച്ച ഫോൺ രേഖകളും കയ്യെഴുത്ത് പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളും നഷ്ടമായെന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
രണ്ട് ഡി.വൈ.എസ്.പിമാർ, വിളപ്പിൽ ശാല, പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥർ എന്നിവർ തെളിവുകൾ കൃത്യമായി ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകൾ കാണാതായെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഫോൺ വിശാംശങ്ങൾ പരിശോധിച്ചത് കേസ് ഡയറിയുടെ ഭാഗമാക്കിയില്ല. ഒന്നാം പ്രതി പ്രകാശിന്റെ മരണത്തിലെ ദുരൂഹത കൃത്യമായി വിളപ്പിൽശാല പൊലിസ് അന്വേഷിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ രേഖകൾ വീണ്ടെടുത്തതാണ് പ്രതികളിൽ എത്തുന്നതിൽ കാലതാമസമുണ്ടാക്കിയത്. റിപ്പോർട്ട് നൽകിയത് ക്രൈം ബ്രാഞ്ച് എസ്.പി സുനിൽ. ക്രൈം ബ്രാഞ്ച് മേധാവി, ഡി.ജി.പി എന്നിവർക്കാണ് റിപ്പോർട്ട് നൽകിയത്. കർശന നടപടി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം അന്വേഷിച്ചത് കന്റോൺമെന്റ് അസിസ്റ്റന്റ് കമീഷണറായിരുന്നു. പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലെ സംഘം അഞ്ചുമാസത്തിലധികം അന്വേഷണം നടത്തി. ഇതിനുശേഷമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. മുൻ അന്വേഷണ സംഘം ഗുരുതര വീഴ്ച വരുത്തിയെന്നാണ് നിലവിൽ കേസ് അന്വേഷിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്ത പേട്ട ക്രൈം ബ്രാഞ്ച് യൂനിറ്റ് എസ്.പിയുടെ റിപ്പോർട്ട്.
ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ ആർ.എസ്.എസ് പ്രവർത്തകൻ പ്രകാശും കൂട്ടുകാരും ചേർന്നാണെന്നുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റേതായിരുന്നു നിർണായക വെളിപ്പെടുത്തൽ. പ്രകാശ് 2022 ജനുവരിയിൽ ആത്മഹത്യ ചെയ്‌തിരുന്നു. പ്രകാശന്റെ മരണത്തെക്കുറിച്ചുള്ള പരാതി ലഭിച്ചിട്ടും വിളപ്പിൽശാല പൊലീസ് ഗൗരവമായി അന്വേഷിച്ചില്ലെന്നും ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ടിലുണ്ട്.
ഇത്തരം വീഴ്‌ചകൾ കാരണം പ്രതികളെ പിടികൂടാൻ നാലര വർഷംവരെ കാലതാമസം നേരിടാൻ ഇടയാക്കിയെന്നുമാണ് ക്രൈം ബ്രാഞ്ച് മേധാവിക്കും ഡി.ജി.പിക്കും നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ആശ്രമം കത്തിച്ച കേസിൽ ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്നുപേരാണ് ഇതുവരെ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.