രാഹുലിന്റെ 'തലയെടുക്കാൻ' മാത്രം ഉശിരുള്ള ആണുങ്ങളൊന്നും ആർ.എസ്.എസിലില്ല, ചുണയുണ്ടെങ്കിൽ തൊട്ട് നോക്കൂ, ഇത് വെല്ലുവിളി തന്നെയാണ് -സന്ദീപ് വാര്യർ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ബി.ജെ.പി നേതാവ് കൊലവിളി പ്രസംഗം നടത്തിയ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

രാഹുലിനെ തൊടാൻ മാത്രം ഉശിരുള്ള ആണുങ്ങളൊന്നും ആർ.എസ്.എസിലില്ലെന്നും ചുണയുണ്ടെങ്കിൽ തൊട്ട് നോക്കൂ, ഇത് വെല്ലുവിളി തന്നെയാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതിനെ വിമർശിച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം.

ഹെഡ്ഗേവാര്‍ വിവാദത്തിൽ എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ സ്വാഗത പ്രസംഗത്തിലാണ് ജില്ല ജനറൽ സെക്രട്ടറി കൊലവിളി നടത്തിയത്.

ഇതിനോട് പ്രതികരിച്ച രാഹുൽ, കാൽ ഉള്ളിടത്തോളം കാലം കാൽ കുത്തിക്കൊണ്ട് തന്നെ ആ‌ർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും കാൽവെട്ടിയെടുത്താൽ ഉള്ള ഉടൽവെച്ച് ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും തിരിച്ചടിച്ചു.

‘ഈ സംസാരം നിർത്തണമെങ്കിൽ നാവറുക്കേണ്ടി വരും. പിന്നെയും ആർ.എസ്.എസിനെതിരെ തന്നെ പ്രവർത്തിക്കും. അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ട. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കാല് കുത്താൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്. അതിന് പ്ലാറ്റ്ഫോം ടിക്കറ്റ് കൊടുക്കുന്നത് ആർ.എസ്.എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനിൽ കേറാനും വന്നിറങ്ങാനും കാലു കുത്തി നിൽക്കാനും അറിയാം’ -രാഹുൽ പറഞ്ഞു.

നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടും. നഗരത്തിൽ ഭിന്നശേഷി നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനെയല്ല, ഭരണ നേതൃത്വത്തിലോ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലോ യാതൊരു പങ്കും വഹിക്കാത്ത ഒരു പ്രസ്ഥാനത്തിന്റെ വക്താവിന്റെ പേര് കേന്ദ്രത്തിനു നൽകുന്നതിനെയാണ് കോൺഗ്രസ്‌ എതിർക്കുന്നത്. ജനപ്രതിനിധിയുടെ കാൽ വെട്ടുമെന്ന ബി.ജെ.പി നേതാവിന്റെ ഭീഷണി പ്രസംഗത്തിൽ പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. എത്ര ഭീഷണിപ്പെടുത്തിയാലും ആ‍‍ർ.എസ്.എസിനോടുള്ള എതിർപ്പ് തുടരുമെന്നും രാഹുൽ വ്യക്തമാക്കി.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്

"രാഹുലിന്റെ തല ആകാശത്ത് കാണുമെന്ന് ബിജെപി . കേരളത്തിലെ ഒരു നിയമസഭാംഗത്തിന്റെ തലയെടുക്കുമെന്നാണ് ബി.ജെ.പി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി പ്രസംഗിച്ചിരിക്കുന്നത് . അതിന് മാത്രം ഉശിരുള്ള ആണുങ്ങളൊന്നും ആർ.എസ്.എസിലില്ല. ചുണയുണ്ടെങ്കിൽ തൊട്ട് നോക്ക് . ഇത് വെല്ലുവിളി തന്നെയാണ്."


Full View


Tags:    
News Summary - Sandeep Warrier's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.