'ഉത്സവം നടത്തണമെന്ന് ജഗന്നാഥൻ തീരുമാനിക്കേണ്ട താമസമേയുള്ളൂ, ബാക്കി ഞങ്ങൾ നോക്കും, കൊടിയേറിയിട്ടുണ്ടെങ്കിൽ ഉത്സവം നടത്തും'; പി.കെ.ശശിക്ക് പിന്തുണയുമായി സന്ദീപ് വാര്യർ

പാലക്കാട്: കൊലവിളിയും പ്രകടനങ്ങളുമായി പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ട സി.പി.എം നേതാവ് പി.കെ.ശശിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ശശിക്കെതിരെ സി.പി.എം പാലക്കാട് ജില്ല കമ്മിറ്റിയംഗം പി.എം ആര്‍ഷോ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് സന്ദീപിന്റെ പ്രതികരണം.

'ആ പാർട്ടി ഓഫീസ് മണ്ണാർക്കാട് അങ്ങാടിയിൽ ഉണ്ടാക്കിയതും ബിലാൽ ആയിരുന്നു. അന്ന് ബിലാൽ നിങ്ങൾക്ക് ആറാം തമ്പുരാനായിരുന്നു. കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ. ഉത്സവം നടത്തണമെന്ന് ജഗന്നാഥൻ തീരുമാനിക്കേണ്ട താമസമേയുള്ളൂ. തീരുമാനിച്ചാൽ പിന്നെ ബാക്കി ഞങ്ങൾ നോക്കും. കൊടിയേറിയിട്ടുണ്ടെങ്കിൽ ഉത്സവം നടക്കും. നടത്തും.'-എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്.

'കൊച്ചി പഴയ കൊച്ചിയല്ല, എന്നാല്‍ ബിലാല് പഴയ ബിലാല്‍ തന്നെയെന്ന് 'എന്ന മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലെ പ്രശസ്തമായ ഡയലോഗ് പറഞ്ഞാണ് പി.കെ ശശി കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകർക്കെതിരെ വിമർശനം ഉന്നയിച്ചത്. ആർഷോയും ബിലാലിനെ കൂട്ടുപിടിച്ചാണ് ശശിക്ക് മറുപടി നൽകിയത്.

'കരക്കാമുറി ഷൺമുഖനും ബിലാലുമാണ് എന്നാണ് ചിലരുടെ വിചാരം, വെറും പടക്കം ബഷീറാണ് എന്ന് എല്ലാവർക്കും മനസിലായി. ബിലാൽ അര ട്രൗസറുമിട്ട് അങ്ങാടിയിൽ കൂടി നടന്ന കാലമുണ്ടായിരുന്നു. അന്ന് ബിലാല് ഒരു ബിലാലുമായിരുന്നില്ല. മേരി ടീച്ചർ കൂട്ടികൊണ്ടുപോയി തിന്നാനും കുടിക്കാനും കൊടുത്ത് നേരെ നിവർന്ന് നിൽക്കാൻ പ്രാപ്തനാക്കിയതാണ്. നേരെ നിന്ന് തുടങ്ങിയപ്പോൾ ബിലാല് സായിപ്പ് ടോണിയായി മാറി മേരി ടീച്ചറുടെ തലക്ക് ഗുണ്ടെറിയാൻ ആളെ പറഞ്ഞുവിട്ടാൽ, പൊന്നുമോനെ ബിലാലെ, മേരി ടീച്ചർക്ക് വേറെയുമുണ്ട് മക്കൾ, അവര് ഇറങ്ങിയാൽ മുട്ടിന്റെ ചിരട്ട കാണൂല'- പി.എം ആർഷോ പറഞ്ഞു.

ഇതിന് പിന്നാലെയുള്ള സന്ദീപിന്റെ പ്രതികരണം ശശിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന രൂപത്തിലാണ്. നേരത്തെ, വി.കെ. ശ്രീകണ്ഠൻ എം.പിയും പി.കെ.ശശിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു.

പി.കെ. ശശിയടക്കം നിരവധി നേതാക്കൾക്ക് സി.പി.എമ്മിൽ അതൃപ്തിയുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഇത്തരക്കാർക്ക് യാതൊരു വിലക്കുമില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു.  

Full View


Tags:    
News Summary - Sandeep Varier supports PK Shashi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.