പാലക്കാട്: ചാനൽ ചർച്ചയിൽ ഇൻഡ്യ സഖ്യത്തിന്റെ പേര് വക്രീകരിച്ച് പറഞ്ഞ ബി.ജെ.പി പ്രതിനിധി വി.പി. ശ്രീപദ്മനാഭനെതിരെ രോഷാകുലനായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയെ മലയാളത്തിൽ വിളിച്ചാൽ അത് അശ്ലീലമായി മാറുമെന്നും അത് വേണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിച്ചാൽ മതിയെന്നും സന്ദീപ് വാര്യർ പറഞ്ഞു.
‘അദ്ദേഹം ഇൻഡി മുന്നണി എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ മുന്നണിയെ ഞാൻ എന്ത് വിളിക്കണം? മലയാളത്തിൽ ഒരു അസഭ്യമായും അത് മാറും. അത് വേണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിച്ചാൽ മതി. അതല്ലെങ്കിൽ അദ്ദേഹത്തെ ഞാൻ ബി.ജെ പാർട്ടിയുടെ പ്രതിനിധി എന്ന് ഈ ചർച്ച കഴിയുന്നത് വരെ വിളിക്കും. കാരണം കുട്ടികൾ അടക്കം കേൾക്കുന്ന ചർച്ചയാണ്, ആ നിലവാരത്തിലേക്ക് അത് കൊണ്ടുപോകേണ്ട. മേലാൽ ഒരു ചാനൽ ചർച്ചയിൽ വന്ന് ആ രീതിയിലുള്ള ഭാഷ പറഞ്ഞാൽ തിരിച്ച് നിങ്ങളുടെ പാർട്ടിയുടെ പേരും വക്രീകരിച്ചു കൊണ്ട് പറയും, നിങ്ങളുടെ മുന്നണിയുടെ പേരും മലയാളത്തിൽ ഒരു അശ്ലീല പദം ഉപയോഗിച്ചുകൊണ്ട് ഞാൻ പറയും. അത് കേൾക്കേണ്ടി വരും. ഈ തോന്നിവാസം പറയുന്ന മുഴുവൻ ബി.ജെ.പി നേതാക്കന്മാർക്കുമുള്ള മുന്നറിയിപ്പാണിത്’ -സന്ദീപ് വാര്യർ പറഞ്ഞു.
വി.ഡി. സതീശനെതിരായ ‘പുനർജനി’ കേസിനെ കുറിച്ച ചാനൽ ചർച്ചക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇൻഡ്യ മുന്നണിയെ പരിഹസിച്ച് ബി.ജെ.പി നേതാക്കൾ വിളിക്കുന്ന പേരാണ് ‘ഇൻഡി’ മുന്നണി എന്നത്. ഇതേരീതിയിൽ ബി.ജെ.പിയുടെ എൻ.ഡി.എ മുന്നണിയെയും തിരിച്ചുവിളിക്കുമെന്നാണ് സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകിയത്.
വി.ഡി. സതീശനെതിരെ ചാനലിൽ പറയുന്നതല്ലാതെ ഇതുവരെ സി.പി.എം ഒരു പരാതി പോലും രേഖാമൂലം കൊടുത്തിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനോട് സന്ദീപ് വാര്യർ പറഞ്ഞു. ‘എൽ.ഡി.എഫ് ഗവൺമെന്റ് ഭരിക്കുമ്പോൾ പോലും സി.പി.എം ഒരു പരാതി കൊടുത്തിട്ടില്ല. എന്നിട്ട് ചാനൽ ചർച്ചയിൽ വന്ന് പരാതിയുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം? പരാതി ഒരു അരപ്പായ കടലാസിൽ എഴുതി കൊടുക്കണ്ടേ? നിങ്ങൾ ചെയ്തിട്ടില്ല. വി.ഡി. സതീശനെതിരെ ഇതിൽ ആകെ പറയാവുന്നത് പ്രോട്ടോക്കോൾ ലംഘനമാണ്. കേരളത്തിലെ നിയമസഭാ സ്പീക്കർക്ക് വേണമെങ്കിൽ ഒന്ന് ശാസിക്കാം. കേന്ദ്ര സർക്കാരിന് പരമാവധി ചെയ്യാൻ പറ്റുന്നത് അടുത്ത തവണ വിദേശത്ത് പോകുമ്പോൾ കൂടുതൽ കർശനമായിട്ട് ഇദ്ദേഹത്തിന്റെ യാത്രകൾ പരിശോധിക്കുകയും ഇനി മേലിൽ ഇങ്ങനെ ചെയ്യരുതെന്ന് പറയുകയുമാണ്. ഇത് മാത്രമേ ചെയ്യാൻ വകുപ്പുള്ളൂ.
ഇതിൽ അഴിമതി നടന്നു എന്ന് തെളിയിക്കാൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല. നയാ പൈസയുടെ അഴിമതി നടന്നിട്ടില്ല എന്നുള്ള റിപ്പോർട്ടാണ് കൊടുത്തിട്ടുള്ളത്. വിഡി സതീശന്റെ ബാങ്ക് അക്കൗണ്ട് വഴി നയാ പൈസയുടെ ഇടപാട് നടന്നിട്ടില്ല എന്ന് എല്ലാവർക്കും അറിയാം. സി.പി.എം സർക്കാരിന്റെ കീഴിലുള്ള വിജിലൻസ് അല്ലേ അന്വേഷിച്ചത്? എന്തേ നിങ്ങൾ തെളിവ് കൊടുത്തില്ല? നിങ്ങളുടെ അന്വേഷണ ഏജൻസി പറഞ്ഞത് അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാൻ വകുപ്പില്ല എന്നാണ്’ -സന്ദീപ് വാര്യർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.