ഉമർ ഫൈസിക്കെതിരായ പരാതിയിൽ ലീഗ് അനുകൂല വിഭാഗത്തിനും സമസ്ത നോട്ടീസ്
കോഴിക്കോട്: സമസ്ത ജോ. സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ മുശാവറക്ക് പരാതി നൽകിയ ലീഗ് അനുകൂല വിഭാഗം നേതാക്കൾക്ക് കാരണംകാണിക്കൽ നോട്ടീസ്. ഉമർ ഫൈസിയെ വ്യക്തിപരമായി ആക്ഷേപിച്ചതിനും അദ്ദേഹത്തിന്‍റെ പാണ്ഡിത്യത്തെ അവഹേളിച്ചതിനും സമസ്ത നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്തതതിന് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എം.സി. മായിൻഹാജി, സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായ്, ഷാഫി ഹാജി, റഹ്മാൻ ഫൈസി, സലീം എടക്കര തുടങ്ങിയവർക്കാണ് സെപ്റ്റംബർ 28നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മുശാവറ തീരുമാനമനുസരിച്ച് ലീഗ് അനുകൂല വിഭാഗത്തിന്‍റെ പരാതിയിൽ മുക്കം ഉമർ ഫൈസിയോടും വിശദീകരണം തേടിയിട്ടുണ്ട്.
മലപ്പുറത്ത് സി.പി.എം നടത്തിയ സെമിനാറിൽ പങ്കെടുത്ത്, വഖഫ് ബോർഡിലേക്ക് അമുസ്‌ലിം അംഗങ്ങളെയും അതുവഴി ആർ.എസ്.എസുകാരെയും കൊണ്ടുവരാൻ മുസ്‍ലിം ലീഗ് ഉൾപ്പെടുന്ന യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നു എന്നായിരുന്നു മുക്കം ഉമർ ഫൈസി നടത്തിയ വിവാദ പ്രസംഗം. ഇതിനെതിരെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ശക്തമായി രംഗത്തുവരികയും ബദൽ സെമിനാർ സംഘടിപ്പിച്ച് മറുപടി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, സമസ്ത നേതൃത്വം ഇടപെട്ട് പരിപാടി ഒഴിവാക്കിയെങ്കിലും ഉമർ ഫൈസിക്കെതിരെ ലീഗ് അനുകൂല വിഭാഗം മുശാവറക്ക് പരാതി നൽകി. ഇത് കഴിഞ്ഞദിവസം കോഴിക്കോട് ചേർന്ന മുശാവറ ചർച്ചചെയ്യുകയും, ഉമർ ഫൈസിയോട് വിശദീകരണം തേടുന്നതിനൊപ്പം പരാതി നൽകിയവർ ഉമർ ഫൈസിക്കെതിരെ നടത്തിയ വിമർശനങ്ങളിലും വിശദീകരണം തേടാൻ തീരുമാനിക്കുകയുമായിരുന്നു.
ഉമർ ഫൈസിക്കെതിരായ പരാതിയിൽ എന്തെങ്കിലും നടപടി സ്വീകരിക്കുകയാണെങ്കിൽ മറുവിഭാഗത്തിനെതിരെയും നടപടി വേണമെന്ന ലീഗ് വിരുദ്ധ വിഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് അവരോടും വിശദീകരണം ചോദിക്കാൻ തീരുമാനിച്ചത്. പരാതിക്കാരോടും വിശദീകരണം തേടിയതിനോട് ലീഗ് അനുകൂല വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്. എങ്കിലും നോട്ടീസിന് മറുപടി നൽകാനാണ് തീരുമാനം. സമസ്തയുടെ ഭാരവാഹി എന്ന നിലയിലല്ല ഉമർ ഫൈസിയെ വിമർശിച്ചതെന്നും അദ്ദേഹം സി.പി.എമ്മുമായി ചേർന്ന് മുസ്ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും അധിക്ഷേപിക്കുന്നതിനെയാണ് എതിർത്തതെന്നുമാണ് ലീഗ് അനുകൂല വിഭാഗം നൽകുന്ന മറുപടി. വിശദീകരണത്തിൽ തങ്ങൾക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി ഉണ്ടായാൽ ശക്തമായി പ്രതികരിക്കാനാണ് ലീഗ് അനുകൂല വിഭാഗത്തിന്‍റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.