മാണി സി കാപ്പൻ
അയോഗ്യത ചോദ്യംചെയ്ത് മാണി സി കാപ്പൻ, അയോഗ്യനാക്കാൻ അധികാരം ഗവർണർക്കെന്ന് എതിർ സത്യവാങ്മൂലം
കൊച്ചി: ചെക്ക് കേസിൽ മൂന്നര വർഷം തടവിന് കോടതി ശിക്ഷിച്ച സാഹചര്യത്തിൽ തന്നെ അയോഗ്യനാക്കണമെന്ന ഹരജിയിൽ എതിർസത്യവാങ്മൂലവുമായി മാണി സി. കാപ്പൻ എം.എൽ.എ.
ഭരണഘടനയുടെ 191, 192 അനുഛേദങ്ങൾ പ്രകാരം എം.എൽ.എയെ അയോഗ്യനാക്കാനുള്ള അധികാരം ഗവർണർക്ക് മാത്രമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നൽകിയത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ അഭിപ്രായം തേടിയ ശേഷം ഗവർണറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നിയമസഭ സ്പീക്കർക്കോ ഹൈകോടതിക്കോ ഉത്തരവിടാൻ അധികാരമില്ല. അതിനാൽ, പരാതിക്കാരനായ ദിനേഷ് മേനോൻ നൽകിയ ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം അയോഗ്യനാക്കാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും തടവുശിക്ഷ ലഭിക്കണം. തനിക്ക് നാല് വ്യത്യസ്ത കേസുകളിലായാണ് മൂന്നര വർഷം തടവ് ശിക്ഷയുണ്ടായത്. ഓരോ കേസിലെയും ശിക്ഷകൾ കൂട്ടിച്ചേർത്ത് മൂന്നര വർഷമെന്ന് കണക്കാക്കുന്നത് നിയമപരമല്ല -അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ കേസുകളിലാണ് കോടതി കാപ്പനെ ശിക്ഷിച്ചത്. വിധി വന്നശേഷം കാപ്പന്റെ രാജിക്കായി സമ്മർദം ഉയരുകയാണ്.
ജനപ്രതിനിധിയായി തുടരാൻ കാപ്പന് അർഹതയില്ലെന്നും കോടതി ശിക്ഷിച്ച സ്ഥിതിക്ക് അദ്ദേഹം രാജിവെച്ചൊഴിയണമെന്നും ബി.ജെ.പി നേതാവ് ഷോൺ ജോർജും യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടനും ആവശ്യപ്പെട്ടു. തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്ന കാപ്പന്റെ വാദവും ശരിയല്ല. 2022 മേയ് 17 മുതൽ 2026 ജൂൺ 16 വരെ 28 ദിവസം ഈ കേസുകൾ വാദത്തിനു വെച്ചതും കാപ്പന്റെ വക്കീൽ ഹാജരായതുമാണ്. വിധിദിവസവും കോടതിയിൽനിന്ന് മുങ്ങിയതിന് അറസ്റ്റ് വാറന്റും വന്നിട്ടുണ്ടെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.