അഴിഞ്ഞാട്ടക്കാർ എന്ന് പറഞ്ഞത് സദാചാര ബോധമില്ലാത്തവർ എന്ന അർഥത്തിൽ, കേസിനെ ചെറുക്കും -സമസ്ത

കോഴിക്കോട്: മതവിധികൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാർക്കുനേരെ കള്ളക്കേസുകൾ ചുമത്തി നിയമക്കുരുക്കിൽപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന്​ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രവർത്തക സമിതി. സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്​.

ഉമർ ഫൈസിയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതല്ല. അഴിഞ്ഞാട്ടക്കാർ എന്നത് സദാചാര ബോധമില്ലാത്തവർ എന്ന അർഥത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഇസ്‍ലാമിക നിയമങ്ങളിൽ സദാചാരത്തിന്‍റെ മാർഗം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് പാലിക്കാത്തവരെയും സദാചാരബോധം ഉൾക്കൊള്ളണമെന്ന് ആഗ്രഹിക്കുന്നവരെയും മാത്രമാണ് ആ പരാമർശം ബാധിക്കുക. പണ്ഡിതരെ നിയമക്കുരുക്കിൽപ്പെടുത്തി മതപ്രബോധനം തടയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന്​ യോഗം വ്യക്തമാക്കി. ജില്ല പ്രസിഡന്‍റ്​ എ.വി. അബ്ദുറഹിമാൻ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു.

പ്രത്യാഘാതമുണ്ടാക്കും -എസ്​.എം.എഫ്​

കോഴിക്കോട്​: മുക്കം ഉമ്മര്‍ ഫൈസിക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും മുസ്‍ലിം വിശ്വാസ ആചാരങ്ങളോടുള്ള രഹസ്യമായ നീരസമാണ് ഇതിലൂടെ മറനീക്കിയതെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍.

വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ നീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും എസ്​.എം.എഫ്​ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട്, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ സി.ടി. അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍, പി.സി. ഇബ്രാഹിം ഹാജി വയനാട്, വി.എ.സി. കുട്ടി ഹാജി പാലക്കാട്, ബഷീര്‍ കല്ലേപ്പാടം തൃശൂര്‍, അഞ്ചല്‍ ബദ്‌റുദ്ദീന്‍ കൊല്ലം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - samastha comment about case against Umer Faizy mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.