സാലി മാത്യു
തിരുവനന്തപുരം: മലയാളികളെ ഏറെ സ്നേഹിച്ച, കേരളത്തെ സ്വദേശമാക്കിയ അമേരിക്കൻ സ്വദേശിനിയും പത്രപ്രവർത്തകയുമായ സാലി മാത്യു (91) ഇനി ഓർമ്മ. കേരളത്തെ അകമഴിഞ്ഞ് സ്നേഹിച്ച സാലിയുടെ മൃതദേഹം ഞായറാഴ്ച മെഡിക്കൽ കോളജിന് കൈമാറും. കോവളത്ത് സ്വാഭാവിക പാറകൾ ചുവരുകളാക്കി കടലിന്റെ മുനമ്പിൽ നിർമിച്ച മനോഹര വീട്ടിൽ മൂന്നര പതിറ്റാണ്ടായി ഭർത്താവും പത്രപ്രവർത്തകനുമായ തുമ്പമൺ തയ്യിൽ ടി.ജെ. മാത്യുവിനൊപ്പമായിരുന്നു സാലിയുടെ താമസം. അവരുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കുന്നത്. കാലിഫോർണിയയിൽ പത്രപ്രവർത്തകയും പബ്ലിക് ഇൻഫർമേഷൻസ് ഓഫിസറുമായിരുന്ന സാലി തന്റെ ജോലിക്കിടെയാണ് ജേർണലിസ്റ്റായ ടി.ജെ.എസ്. ജോർജിന്റെ സഹോദരൻ കൂടിയായ ടി.ജെ. മാത്യുവിനെ കണ്ടുമുട്ടിയത്. 1991ലാണ് രണ്ടുപേരും കോവളത്ത് എത്തുന്നത്.
കടലിനോട് ചേർന്ന് പിതാവ് വാങ്ങിയ ഭൂമിയിൽ മാത്യുവും സാലിയും തങ്ങളുടെ സ്വപ്നഭവനം പണിതു. ജോലിയിൽനിന്ന് വിരമിച്ച ശേഷം ഇരുവരും ജീവിതം കടലോരത്തെ സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപരയായിരുന്ന സാലി സാധുക്കളായ കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിയിരുന്നു. ഫുട്ബോൾ പ്രേമികളായ ഇരുവരും കോവളം ഫുട്ബോൾ ക്ലബ്, കുട്ടികൾക്കായി ഫുട്ബോൾ ഹോസ്റ്റൽ എന്നിവ സ്ഥാപിച്ചു. ഇവരുടെ എട്ടു മക്കളും അമേരിക്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.